op

ആലപ്പുഴ: ജനറൽ ആശുപത്രിയിലെ ഒ.പി സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉച്ചക്ക് 2.30ന് നാടിന് സമർപ്പിക്കും. സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ നൂറുദിന കർമ്മപരിപാടിയോടനുബന്ധിച്ചാണ് ഏഴു നിലകളുള്ള സമുച്ചയം തുറന്നുകൊടുക്കുന്നത്. കിഫ്ബി ഫണ്ടായ 117 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ആരോഗ്യവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ വലിയ സ്ഥാപനവും സാധാരണക്കാരുടെ അഭയകേന്ദ്രവുമായ ജനറൽ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഒ.പി സമുച്ചയം പ്രവർത്തനസജ്ജമായത്. 16.4 കോടി രൂപ ചെലവിൽ എം.ആർ.ഐ സ്‌കാൻ, സി.ടി സ്‌കാൻ, അൾട്രാസൗണ്ട് സ്‌കാൻ, 360 ഡിഗ്രി മെറ്റബോളിക് സെന്റർ, നൂതനമായ ലബോറട്ടറി, ലിഫ്റ്റ്, റാമ്പ്, പബ്ലിക് അഡ്രസ് സിസ്റ്റം തുടങ്ങിയ നൂതന സംവിധാനങ്ങളുണ്ട്.
ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. എം.ആർ.ഐ സ്‌കാനിംഗ് സെന്റർ മന്ത്രി സജി ചെറിയാനും സി.ടി.സ്‌കാനിംഗ് സെന്റർ മന്ത്രി പി.പ്രസാദും ഉദ്ഘാടനം ചെയ്യും. കെ.സി.വേണുഗോപാൽ എം.പി, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, ഹെൽത്ത് സെക്രട്ടറി രാജൻ ഖോബ്രഗഡെ എന്നിവർ മുഖ്യാതിഥിയാവും. എച്ച്.സലാം എം.എൽ.എ സ്വാഗതം പറയും. ഹെൽത്ത് സർവീസ് ഡയറക്ടർ കെ.ജെ.റീനാ റിപ്പോർട്ട് അവതരിപ്പിക്കും. ആലപ്പുഴ നഗരസഭ ചെയർപെഴ്സൺ കെ.കെ.ജയമ്മ, കളക്ടർ അലക്സ് വർഗീസ്, നഗരസഭ വൈസ് ചെയർപേഴ്സൺ പി.എസ്.എം.ഹുസൈൻ, ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.എസ്.കവിത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീർ പുന്നക്കൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ജി.സതീദേവി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ.പ്രേം, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.വിനീത, വാർഡ് കൗൺസിലർ പി.എസ്.ഫൈസൽ, ഡി.എം.ഒ ജമുന വർഗീസ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. സന്ധ്യ തുടങ്ങിയവർ പങ്കെടുക്കും.