a

മാവേലിക്കര : ചരിത്രപ്രസിദ്ധമായ ചെങ്ങന്നൂർ പേരിശ്ശേരി പഴയാറ്റിൽ ഭദ്രകാളി ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ളതും ആറുവർഷം കൂടുമ്പോൾ എഴുന്നള്ളിക്കുന്നതും ഭഗവതിയുടെ അത്യപൂർവ്വവുമായ ഭദ്രകാളി തിരുമുടിക്ക് പുതിയ നിറച്ചാർത്ത്.
ചിത്രകലാ അധ്യാപകനും ദേവശില്പിയുമായ സുനിൽ തഴക്കരയാണ് നാലാഴ്ച കൊണ്ട് ആചാരവിധിപ്രകാരം വ്രതശുദ്ധിയോടെ ഭദ്രകാളി തിരുമുടിക്ക് പുതിയ നിറച്ചാർത്ത് നൽകിയത്. മദ്ധ്യ തിരുവതാംകൂറിലെ ഭദ്രകാളി തിരുമുടികളിൽ ഉയരംകൊണ്ട് ഏറ്റവും വലുപ്പമുള്ളതാണ് ഇവിടുത്തെ തിരുമുടി. നിർമ്മാണ ശൈലിയിൽ മറ്റ് തിരുമുടികളിൽ നിന്നും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് നൂറ്റാണ്ടുകൾ കാലപ്പഴക്കമുളള പഴയാറ്റിൽ ഭഗവതിയുടെ തിരുമുടി. ദാരുക സംഹാരത്തിനായി അതിഘോര ഭാവത്തിലുള്ള ഭഗവതിയെ ആറ് വർഷം കൂടിയിരിക്കുമ്പോഴാണ് മുടി പുറത്തെഴുന്നെള്ളിച്ച് ദേശഗുരുസി, മുടി പേച്ചും നടത്തുന്നത്. ഈ വർഷം ഡിസംബർ 28, 29 തീയതികളിലാണ് മുടി എഴുന്നള്ളത്ത് നടത്തുന്നത്.
നിരവധി ദേശീയ സംസ്ഥാന അവാർഡ് ജേതാവും മാവേലിക്കര വിദ്യാധിരാജ സെൻട്രൽ സൈനിക സ്കൂളിലെ ചിത്രകലാ അധ്യാപകനും കൂടിയാണ് സുനിൽ തഴക്കര. സഹായിയായി ജേഷ്ഠൻ അനിൽകുമാറും ഒപ്പമുണ്ടായിരുന്നു.