ടൂറിസം മേഖലയെ ആശ്രയിക്കുന്ന നഗരമാണെങ്കിലും ആലപ്പുഴയിൽ മുമ്പെങ്ങുമില്ലാത്തവിധം പ്രതിസന്ധിയിലാണ് പരമ്പരാഗത ടാക്സി ഡ്രൈവർമാർ. സ്റ്റാൻഡുകളിൽ ദിവസങ്ങളോളം കാത്തുകിടന്നാലാണ് പലർക്കും ഒരു ഓട്ടമെങ്കിലും ലഭിക്കുന്നത്. വർഷങ്ങളായി ഈ തൊഴിൽ ചെയ്തുവരുന്നതുകൊണ്ട് മേഖലയിൽ നിലനിന്നുപോരുകയാണ് ഭൂരിഭാഗം പേരും
ആലപ്പുഴ : 'ദിവസേന നാലിലധികം ട്രിപ്പ് ലഭിച്ച ശേഷം തളർന്ന് വീട്ടിൽ പോയ സന്ദർഭങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. ഇപ്പോൾ, ഒരു ഓട്ടം കിട്ടാനായി ദിവസങ്ങളോളം കാത്തുകെട്ടി കിടക്കേണ്ടി വരുന്നു...' ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിലെ ഡ്രൈവർ കണ്ണന്റെ വാക്കുകളാണിത്.
ടൂറിസം മേഖലയെ ആശ്രയിച്ചാണ് ആലപ്പുഴ നഗരത്തിലെ ടാക്സി ഡ്രൈവർമാരുടെ ജീവിതം മുന്നോട്ടുപോകുന്നത്. മുമ്പൊക്കെ, ആഗസ്റ്റിൽ വള്ളംകളിയോടെ ആരംഭിക്കുന്ന കുതിപ്പ് മാസങ്ങളോളം തുടരുമായിരുന്നു. അതെല്ലാം ഓർമ്മകളായെന്ന് ഡ്രൈവർമാർ പറയുന്നു. സഞ്ചാരികളുടെ കുറവ് ടൂറിസം വ്യവസായത്തെ മാത്രമല്ല, അനുബന്ധ മേഖലയായ ടാക്സികളെയും ബാധിച്ചു. വല്ലപ്പോഴും കിട്ടുന്ന എയർപോർട്ട്, തേക്കടി, മൂന്നാർ ഓട്ടങ്ങളാണ് മേഖലയെ പേരിനെങ്കിലും നിലനിർത്തുന്നത്
ഇന്ന് ടാക്സി ഡ്രൈവർമാരായി പ്രവർത്തിക്കുന്നവരിൽ അധികവും ഇരുപത് വർഷത്തിലധികമായി മേഖലയിലുള്ളവരാണ്. യുവാക്കളിൽ പലരും പാർട്ട് ടൈം ജോലിയായാണ് ഇതിനെ കാണുന്നത്.
വയറ്റത്തടിച്ചത് ഓൺലൈൻ ടാക്സി
 ഓൺലൈൻ ടാക്സികളാണ് പരമ്പരാഗത ടാക്സി മേഖലയ്ക്ക് ഇപ്പോൾ ഭീഷണി ഉയർത്തുന്നത്
 കൊച്ചിയിൽ നിന്ന് ആലപ്പുഴയിലേക്ക് ഓട്ടം വരുന്ന ഓൺലൈൻ ടാക്സികൾ മടക്കയാത്രയ്ക്കും ആളെ കണ്ടെത്തും
 മടക്കയാത്രയിൽ ഇവർ റേറ്റ് കുറച്ചു കൊടുക്കുന്നത് പരമ്പരാഗത ടാക്സിക്കാർക്ക് തിരിച്ചടി
 സർക്കാർ അംഗീകൃത നിരക്കും ഓൺലൈൻ നിരക്കും തമ്മിൽ ആയിരം രൂപയുടെ വ്യത്യാസമുണ്ട്
 ഇതോടെ ഉപഭോക്താക്കൾ സ്വാഭാവികമായും ഓൺലൈൻ ടാക്സികളെ ആശ്രയിക്കും
പിടിച്ചു നിൽക്കാൻ പെടാപ്പാട്
പിടിച്ചുനിൽക്കാൻ മാർഗമില്ലാതായതോടെ ഓൺലൈൻ ടാക്സികളെ നഗരത്തിലെ ഡ്രൈവർമാർ തടഞ്ഞുതുടങ്ങി. ഇതിന് പുറമേ നഗരം കേന്ദ്രീകരിച്ച് ബൈക്ക് ടാക്സികൾ വരുന്നെന്ന സൂചനയും ടാക്സിമേഖലയ്ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഡ്രൈവർമാർ ആശങ്കപ്പെടുന്നു. ചെറിയ നഗരമാണ് ആലപ്പുഴ. വിനോദസഞ്ചാരികളുടെ എണ്ണവും ചുരുങ്ങി. ഇതിനിടെ ബൈക്ക് ടാക്സികളമെത്തിയാൽ പരമ്പരാഗത ടാക്സി കാറുകൾ അവഗണിക്കപ്പെട്ടേക്കാം. പ്രൈവറ്റ് വാഹനങ്ങൾ പണം വാങ്ങി ആളെ കയറ്റി സർവീസ് നടത്തുന്നതും ടാക്സി മേഖലയ്ക്ക് തിരിച്ചടിയാണ്.
തൊണ്ണൂറ് ശതമാനം വീടുകളിലും വാഹനങ്ങളായി. അത്യാവശ്യദീർഘദൂര യാത്രകൾക്ക് മാത്രമാണ് ഓട്ടം ലഭിക്കുന്നത്
-പവിത്രൻ, ടാക്സി ഡ്രൈവർ, തിരുമല
ഓൺലൈൻ, കള്ള ടാക്സികളുടെ എണ്ണം കൂടുന്നത് അംഗീകൃത ടാക്സി മേഖലയ്ക്ക് തിരിച്ചടിയാണ്. സർക്കാർ ഞങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നില്ല
-കണ്ണൻ, ഡ്രൈവർ, കെ.എസ്.ആർ.ടി.സി ടാക്സി സ്റ്റാൻഡ്