
ആലപ്പുഴ: ഗോരഖ്പൂരിൽ നടന്ന ഇരുപത്തഞ്ചാമത് സബ് ജൂനിയർ നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിലിന് കീഴിൽ പുന്നമടയിൽ പ്രവർത്തിക്കുന്ന ജില്ലാ സ്‌പോർട്‌സ് അക്കാഡമിയിലെ കുട്ടികൾ മികച്ച നേട്ടം കൈവരിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ കെ.പി.ദേവനന്ദ, മിത്രനന്ദ, അശ്വതി, അനുഷ്‌ക എന്നിവർ സ്വർണ്ണ മെഡലുകളും ആൻലിയ വിൽസൺ വെള്ളിയും, ഗൗരികൃഷ്ണ വെങ്കലവും കരസ്ഥമാക്കി. ആൺകുട്ടികളുടെ വിഭാഗത്തിൽ ഗൗതം വെങ്കല മെഡൽ നേടി. സംസ്ഥാനത്തിനായി 4 സ്വർണ്ണവും 1 വെള്ളിയും 2 വെങ്കലവും ഉൾപ്പെടെ 7 മെഡലുകൾ കരസ്ഥമാക്കാൻ അക്കാഡമിയ്ക്കായി.