
ആലപ്പുഴ: തുടർച്ചയായ പൈപ്പുപൊട്ടലും കുടിവെള്ളം മുടങ്ങലും നഗരത്തിലെ ജനങ്ങൾക്ക് ദുരിതമാകുന്നു.പഴവങ്ങാടിയിൽ കുഴൽക്കിണറിലെ മോട്ടോർ തകരായതിനെ തുടർന്ന് പമ്പിംഗ് മുടങ്ങിയിട്ട് ദിവസം രണ്ടായി. കൊങ്ങിണി ചുടുകാട്ടിൽ പൊട്ടിയ പൈപ്പിന്റെ തകരാർ നാല് ദിവസം കഴിഞ്ഞിട്ടും പരിഹരിച്ചിട്ടില്ല. പൈപ്പുപൊട്ടിയതിന്റെ അടുത്ത ദിവസം തകരാർ പരിഹരിച്ചെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും കുടിവെള്ളം കിട്ടുന്നില്ലെന്ന നാട്ടുകാരുടെ പരാതി തുടരുകയാണ്.
പഴവങ്ങാടി പമ്പുഹൗസിന്റെ വാൽവിന്റെ തകരാർ പരിഹരിച്ചെങ്കിലും നഗരത്തിൽ കുടിവെള്ളംഎല്ലായിടത്തും എത്തിയിട്ടില്ല. മുന്നറിയിപ്പില്ലാതെ ജലവിതരണം മുടങ്ങിയത് മുല്ലക്കൽ, പള്ളാത്തുരുത്തി, തിരുമല, വഴിച്ചേരി, പാലസ് വാഡുകളിലെ 3000ത്തോളം കുടുംബങ്ങളെ വലച്ചു. പഴവങ്ങാടി പമ്പ് ഹൗസിന്റെ ഓവർഹെഡ് ടാങ്കിൽ നിന്ന് ഓരോ വാർഡിലേയ്ക്കും നിശ്ചിത ഇടവേളകളിൽ കുടിവെള്ളം വിതരണം ചെയ്യുന്ന വാൽവിനാണ് തകരാർ. ഇന്ന് വൈകിട്ടോടെ കുടിവെള്ള വിതരണം പൂർണതോതിൽ പുനസ്ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ആർ.ഒ പ്ളാന്റുകൾ നോക്കുകുത്തി
1.തീരദേശ വാർഡുകളിലെ വീടുകളിൽ മിക്കദിവസങ്ങളിലും പേരിനുമാത്രമാണ് കുടിവെള്ളം ലഭിക്കുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കുഴിച്ചിട്ട പൈപ്പ് ലൈൻ ചാർജ്ജ് ചെയ്യാത്തതാണ് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് കാരണം
2.കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും ആർ.ഒ പ്ളാന്റുകൾ പ്രവർത്തന സജ്ജമാകാത്തത് തിരിച്ചടിയാണ്. ജലഅതോറിട്ടിയുടെ എട്ട് ആർ.ഒ പ്ളാന്റുകളിൽ ഒന്നു പോലും പ്രവർത്തിക്കുന്നില്ല.
3. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ 21ആർ.ഒ പ്ളാന്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും
കൃത്യമായ അറ്റകുറ്റപ്പണി നടത്താതെ വന്നതോടെ അധികവും പ്രവർത്തന രഹിതമാണ്.
4. സർക്കാർ ആർ.ഒ പ്ളാന്റുകൾ പ്രവർത്തരഹിതമായതോടെ നിരവധി സ്വകാര്യ പ്ളാന്റുകൾ രംഗത്തുവന്നു. ഇതോടെ സൗജന്യമായി ലഭിച്ചിരുന്ന വെള്ളം ലിറ്ററിന് 2.5രൂപ വരെ നൽകി വാങ്ങേണ്ട ഗതികേടിലാണ്