photo

ചേർത്തല: കിഴക്കിന്റെ വെനീസായ ആലപ്പുഴ ഇന്ന് വ്യവസായങ്ങൾ ഉൾപ്പെടെ തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ ജില്ലയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ബി.ഡി.ജെ.എസ് ആലപ്പുഴ വെസ്റ്റ് നിയോജകമണ്ഡലം കമ്മിറ്റി കേന്ദ്ര,​സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ആലപ്പുഴയുടെ അഭിമാനമായിരുന്ന കയർ വ്യവസായം ഇന്ന് പാടെ തകർന്ന സാഹചര്യത്തിൽ ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടുകയാണെന്നും അതിന് ശാശ്വത പരിഹാരമായി പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ ആവശ്യപ്പെട്ടു.ജില്ലാ കമ്മിറ്റി അംഗം കെ.സോമൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി കെ.പി.ദിലീപ് കുമാർ രാഷ്ട്രീയ വിശദീകരണം നൽകി. ജില്ലാ കമ്മിറ്റി അംഗം ടി.ആർ.പൊന്നപ്പൻ,ബി.ഡി.എം.എസ് നേതാക്കളായ അമ്പിളി അപ്പുജി,ഡോ.ഭാഗ്യലീന,ബിന്ദു സുശീലൻ,തങ്കമണി ഗൗതമൻ,മുഹമ്മ മണ്ഡലം പ്രസിഡന്റ് മർഫി മറ്റത്തിൽ ആലപ്പുഴ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് രഞ്ജൻ പൊന്നാട് എന്നിവർ സംസാരിച്ചു.മണ്ഡലം സെക്രട്ടറി ടി.സർജു സ്വാഗതവും പ്രസിഡന്റായി തിരഞ്ഞെടുത്ത പി.ജിജു നന്ദിയും പറഞ്ഞു.