op

ആലപ്പുഴ: ജനറൽ ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്കിൽ ആദ്യ പ്രവൃത്തി ദിനത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പുലർച്ചെ മുതൽ ഒ.പി കൗണ്ടറുകൾക്ക് മുമ്പിൽ വലിയ ക്യൂവായിരുന്നു. തിങ്കളാഴ്ചകളിൽ പൊതുവെ തിരക്ക് കൂടുതലാണെങ്കിലും പുതിയ കെട്ടിടത്തിലേക്ക് മാറിയതിന്റെ തിരക്ക് പതിവിലും കൂടുതലായിരുന്നു. ഏഴ് നിലകളുള്ള സമുച്ചയത്തിലെ ഓരോ വിഭാഗവും എവിടെയാണെന്ന് ജീവനക്കാരും ജനങ്ങളും 'പഠിച്ചു'വരണം.

ഓരോ സെക്യൂരിറ്റി ഗാർഡും ഒ.പി വിഭാഗങ്ങൾ എവിടെയെല്ലാമെന്ന് ലിസ്റ്റ് തയാറാക്കി കൈയിൽ സൂക്ഷിച്ചാണ് ഇന്നലെ ജോലി ചെയ്തത്. പകൽ 9 ഉം രാത്രി 7ഉം സെക്യൂരിറ്റി ജീവനക്കാരാണ് ഡ്യൂട്ടിക്കുള്ളത്. പരിശോധന പഴയ കെട്ടിടത്തിലാണോ, പുതിയ സ്ഥലത്താണോ എന്ന ചോദ്യവുമായി അതിരാവിലെ മുതൽ നിരവധി പേരാണ് നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മയെ ഫോണിൽ വിളിച്ചത്. ഒടുവിൽ, ഒ.പി സേവനം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയെന്ന അറിയിപ്പ് ബോർഡ് സ്ഥാപിക്കാൻ അവർ നിർദ്ദേശം നൽകി.

അറിയിപ്പ് ബോർഡ് സ്ഥാപിച്ചു

1.തിരക്ക് കൂടിയതോടെ ഒ.പി ടിക്കറ്റ് പ്രിന്റ് ചെയ്യുന്ന സംവിധാനത്തിന് രാവിലെ ചെറിയ സാങ്കേതിക പ്രശ്നം നേരിട്ടു. ലിഫ്റ്റും കുറച്ചുനേരം നിശ്ചലമായി. പൊലീസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്.

2.ഓരോ വിഭാഗവും ഏത് നിലയിലാണെന്ന് രോഗികൾക്ക് പറഞ്ഞുകൊടുക്കുന്നതിനും

സഹായങ്ങൾക്കുമായി നാല് ആശാപ്രവർത്തകരെ ഒടുവിൽ ഡ്യൂട്ടിക്ക് വിളിച്ചുവരുത്തേണ്ടിവന്നു.

രാവിലെ 8.30നാണ് തിരക്ക് നിയന്ത്രിക്കാനും ജനങ്ങളെ സഹായിക്കുന്നതിനും അടിയന്തരമായി എത്തണമെന്ന് അറിയിപ്പ് ലഭിച്ചത്

- ആശാപ്രവർത്തകർ

പഴയ കെട്ടിടത്തിൽ ഓരോ വിഭാഗവും കാണാപാഠമായിരുന്നു. പുതിയ സ്ഥലത്ത് എല്ലാം പഠിച്ച് വരണം

- സെക്യുരിറ്റി ജീവനക്കാർ