s

ആലപ്പുഴ : കലോത്സവ വേദിയിൽ തിളങ്ങി കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂളിലെ ഒൻപതാംക്ളാസ് വിദ്യാർത്ഥിനി അഖിലാദ്രിക. ആലപ്പുഴ,പത്തനംതിട്ട ജില്ലാ സഹോദയ കലോത്സവത്തിൽ ഭരതനാട്യത്തിനും നാടോടിനൃത്തത്തിനും ഒന്നാംസ്ഥാനവും എ ഗ്രേഡും കുച്ചിപ്പുടിക്ക് രണ്ടാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ അഖിലാദ്രിക 8,9,10 തീയതികളിൽ പാലക്കാട് നടക്കുന്ന സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ.

2022ലെ സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തിൽ നാടോടി നൃത്തത്തിനും കഴിഞ്ഞ വർഷത്തെ കലോത്സവത്തിൽ കുച്ചിപ്പുടിക്കും നാടോടിനൃത്തത്തിനും എ ഗ്രേഡ് നേടിയിരുന്നു. ഇത്തവണയും നല്ല വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ്.

നാല് വയസുമുതൽ നൃത്തം അഭ്യസിച്ചുവരുന്ന അഖിലാദ്രിക കഴിഞ്ഞ രണ്ട് വർഷമായി നൃത്തപഠനം നടത്തുന്നത് കലാക്ഷേത്ര കിഷൻ സജികുമാർ ഉണ്ണിയുടെ കീഴിലാണ്. നൃത്തത്തിന് പുറമേ ചിത്രരചനയിലും കഥാരചനയിലും മികവ് തെളിയിച്ചിട്ടുള്ള ഈ കൊച്ചുമിടുക്കി സംഗീത മഹേഷിന്റെ കീഴിൽ ശാസ്ത്രീയ സംഗീതവും അഭ്യസിക്കുന്നുണ്ട്. കലാരംഗത്തോടൊപ്പം പഠനരംഗത്തും മികവ് പുലർത്തുന്ന അഖിലാദ്രിക കായംകുളം രണ്ടാംകുറ്റി ദാസ് ഏജൻസീസ് ഉടമ പുഷ്പദാസിന്റെയും സവിതയുടെയും ചെറുമകളും ഡോ.ഗ്രീഷ്മയുടെയും ബിനുവിന്റെയും മകളുമാണ്.