ആലപ്പുഴ: ആലപ്പുഴ നിയോജകമണ്ഡലത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി അമൃത്-കിഫ്ബി പദ്ധതിയിലൂടെ പൂർത്തിയാക്കിയ നാല് ജലസംഭരണികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുമെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 4ന് ചാത്തനാടും 5ന് കൊമ്മാടിയിലും നടക്കുന്ന ചടങ്ങിൽ കെ.സി.വേണുഗോപാൽ എം.പി, ആലപ്പുഴ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ, ജില്ലകളക്ടർ അലക്‌സ് വർഗീസ് എന്നിവർ പങ്കെടുക്കും. നഗരസഭ അമൃത്പദ്ധതിയുടെ ഭാഗമായി കൊമ്മാടിയിൽ 21 ലക്ഷം ലിറ്ററും തത്തംപള്ളിയിൽ 12 ലക്ഷം ലിറ്ററും ശേഷിയുള്ള ജലസംഭരണികളും കിഫ്ബി ധനസഹായത്തോടെ ആലപ്പുഴ നഗരസഭ, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിൽ ജലവിതരണപദ്ധതികളുടെ നവീകരണത്തിന് 299 കോടി 31ലക്ഷം അനുവദിച്ചിരുന്നു. ചാത്തനാട് ഉന്നതജലസംഭരണിയും (16 ലക്ഷംലിറ്റർ) ഭൂതലജലസംഭരണിയും (അഞ്ച്ലക്ഷം ലിറ്റർ) വടികാട് ഉന്നതജലസംഭരണിയും (16 ലക്ഷം ലിറ്റർ) ഭൂതലജലസംഭരണിയുടെയും (മൂന്ന് ലക്ഷം ലിറ്റർ) മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കാട്ടൂരിൽ ഉന്നതതല ജലസംഭരണിയും (12ലക്ഷം ലിറ്റർ) ഭൂതലജലസംഭരണിയുടെയും (മൂന്നുലക്ഷംലിറ്റർ) നിർമാണം പൂർത്തിയാക്കി. ആര്യാട് പഞ്ചായത്തിൽ ഉന്നതതല ജലസംഭരണിയും (ഒമ്പത് ലക്ഷം ലിറ്റർ) 19കിലോമീറ്റർ അധികവിതരണ ശ്യംഖലയുടെയും പ്രവൃത്തിക്കും കരാറായി. മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ 100 കിലോമീറ്റർ അധികവിതരണ ശ്യംഖലയുടെയും മണ്ണഞ്ചേരി പഞ്ചായത്തിൽ 12ലക്ഷം ഉന്നതതല ജലസംഭരണിയുടെയും മൂന്നുലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതലസംഭരണിയുടെയും 105 കിലോമീറ്റർ അധികജലവിതരണശ്യംഖലയുടെയും ടെൻഡർ നടപടിയും പൂർത്തിയായി.

........

 216585 ജനങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം

ആലപ്പുഴ മണ്ഡലത്തിലെ 216585 ജനങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതിനൊപ്പം ആലപ്പുഴ നഗരസഭയിലെ അമൃത്പദ്ധതിപ്രകാരം 38,000 കുടുംബങ്ങൾക്കും ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ പദ്ധതിയിലുടെയും എല്ലാവീടുകളിലും കുടിവെള്ള കണക്ഷനുകൾ നൽകും. വാർത്തസമ്മേളനത്തിൽ ആലപ്പുഴ നഗരസഭാദ്ധ്യക്ഷ കെ.കെ. ജയമ്മ, വാട്ടർഅതോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനിയർ ഗിരീഷ്, കിഫ്ബി എക്‌സിക്യൂട്ടീവ് എൻജിനിയർ അർച്ചന എന്നിവർ പങ്കെടുത്തു.