
തുറവൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.സജിയുടെ "മികവ് " വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ 14-ാംഘട്ടത്തിന്റെ ഭാഗമായുള്ള ജർമൻ ഭാഷ പരിശീലന ക്ലാസിന് തുടക്കമായി. വർഷങ്ങൾക്ക് മുമ്പ് കുത്തിയതോട് ഗ്രാമപഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് മികവ് എന്ന പേരിൽ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി ആവിഷ്ക്കരിച്ചത്. സ്വകാര്യ സ്ഥാപനങ്ങളിൽ ജർമൻ ഭാഷ പഠിക്കാൻ പതിനായിരങ്ങൾ ചെലഴിക്കേണ്ട സാഹചര്യത്തിലാണ് സജി സൗജന്യമായി ജർമൻ ഭാഷാ പരിശീലനം ഒരുക്കിയത്.3 ഷിഫ്റ്റുകളിലായി ശനി, ഞായർ ദിവസങ്ങളിൽ ചാവടി ചോയ്സ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം. കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ എൻ.സജി അദ്ധ്യക്ഷനായി.പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാഷാജി മുഖ്യാതിഥിയായിരുന്നു. പഞ്ചായത്തംഗങ്ങളായ സിന്ധു ബിജു, കല്പനാദത്ത് എസ്.കണ്ണാട്ട്, ആശാലത, മാരിടൈം ഡയറക്ടർ ബോർഡ് അംഗം എൻ.പി.ഷിബു, സി.ഡി.എസ് ചെയർപേഴ്സൺ കെ.വി.രാജലക്ഷ്മി എന്നിവർ സംസാരിച്ചു.