
കുട്ടനാട്: ശ്രീനാരായണ ഗുരു വിശ്രമിച്ച ചൂരൽക്കസേരയെ ഗുരുവായി സങ്കൽപ്പിച്ച് വീട്ടിൽ കെടാവിളക്കിന് മുന്നിൽ സ്ഥാപിച്ച് നിത്യപൂജ ചെയ്യുന്ന ഗുരുഭക്തൻ - ചങ്ങനാശ്ശേരി തുരുത്തി കണ്ണന്മാലിൽ വീട്ടിൽ ഗിരീഷ്.
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കോട്ടയത്തെത്തിയ ഗുരു, കൊല്ലത്തേക്ക് മടങ്ങുന്നതിനിടെ രാമങ്കരി കോന്ത്യാപറമ്പ് വീട്ടിലെത്തിയിരുന്നു. അവിടെ
ഗുരുവിന് വിശ്രമിക്കാൻ ഗൃഹനാഥനായ എബ്രഹാം ചാക്കോ നൽകിയ കസേരയാണ് ഗിരീഷ് നിധിപോലെ സൂക്ഷിക്കുന്നത്.
എബ്രഹാം ചാക്കോയുടെ കാലശേഷം ഇളയമകൻ കെ.എ.ജോസഫ് ഈ കസേര ഏതെങ്കിലും ഗുരുദേവ ഭക്തന് നൽകണമെന്ന് ആഗ്രഹിച്ചു. എക്സൈസ് ജീവനക്കാരനായിരുന്ന രാമങ്കരി പാലപ്പറമ്പിൽ കുമാരനോട്
കാര്യം പറഞ്ഞു. കുമാരൻ ചങ്ങനാശ്ശേരിയിലെ അബ്കാരി ബിനിനസുകാരനായിരുന്ന മണിയപ്പനോട് പറഞ്ഞു. മണിയപ്പന്റെ സഹപാഠിയായിരുന്നു കെ.എ.ജോസഫ്. ആ ബന്ധമാണ് 1980ൽ കസേര ചങ്ങനാശ്ശേരിയിലെ മണിയപ്പന്റെ വീട്ടിലെത്തിച്ചത്.
അബ്കാരി ബിനിനസ് ഉപേക്ഷിച്ചു
ഗുരുദേവ ഭക്തനായിരുന്ന മണിയപ്പൻ കസേരയ്ക്ക് മുമ്പിൽ വിളക്ക് കൊളുത്തി പ്രാർത്ഥിച്ചേ വീടിന് പുറത്തിറങ്ങിയിരുന്നുള്ളൂ. ആ ഭക്തിയിൽ അബ്കാരി ബിനിനസ് വേണ്ടെന്ന് വച്ചു. എസ്.എൻ.ഡി. പി യോഗത്തിന് മിത്രക്കരിയിൽ സ്ഥലം സംഭാവനയായി നൽകിയതും മണിയപ്പന്റെ കണ്ണന്മാലി കുടുംബമാണ്.
മണിയപ്പന്റെ കാലശേഷം മകൻ ഗിരീഷ് പൂജ ഏറ്റെടുത്തു. ബിസിനസ്‌കാരനായ ഗിരീഷ് വീട്ടിലില്ലാത്തപ്പോൾ ഒമ്പതുവയസുള്ള മകൻ ഗൗതം കസേരയ്ക്ക് മുന്നിൽ
രാവിലെ വിളക്ക് തെളിച്ച് ദൈവദശകം ചൊല്ലി പ്രാർത്ഥിക്കുന്നു.
ശിവഗിരി തീർത്ഥാടനകാലത്ത് ധാരാളം ഭക്തർ ഇവിടെ പ്രാർത്ഥിക്കാറുണ്ട്. കസേരയെ ഗുരുപൂജതന്നെയാണ്.
-ഗിരീഷ്