
മാന്നാർ: മതിയായ വൈദ്യുതോപകരണങ്ങൾ ഇല്ലാത്തതിനെ തുടർന്ന് കരാറുകാരൻ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് വാർഡ് മെമ്പർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി. മാന്നാർ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ കെ.സി.പുഷ്പലതയാണ് ഇന്നലെ പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചത്.
കരാർകാർക്ക് തുക ലഭിക്കാത്തതിനെ തുടർന്ന് മാസങ്ങളായി പഞ്ചായത്ത് പരിധിയിലെ തെരുവ് വിളക്കുകളുടെ പരിപാലനം നിലച്ചിരിക്കുകയായിരുന്നു. തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷവും സമരം നടത്തിയിരുന്നു.
ദിവസങ്ങൾക്ക് മുമ്പാണ് കരാർ പുതുക്കി തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ പുനരാരംഭിച്ചത്. പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് ആദ്യഘട്ടത്തിൽ പ്രധാന റോഡുകളിൽ ലൈറ്റ് ഇടുന്നതിന് കരാറുകാരനെ ചുമതലപ്പെടുത്തി. ആവശ്യമായ വൈദ്യുതോപകരണങ്ങൾ വാങ്ങാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു.
കരാറുകാരൻ എത്തിയില്ല
പതിനെട്ടാം വാർഡിലെ ലൈറ്റ് ഇടുവാൻ ഇന്നലെ രാവിലെ എത്തുമെന്ന് കരാറുകാരൻ വാർഡ് മെമ്പറെ അറിയിച്ചിരുന്നു
മതിയായ ഹോൾഡർ അടക്കമുള്ള ഉപകരണങ്ങൾ ഇല്ലാത്തത് മൂലം കരാറുകാരൻ എത്തിയില്ല
ഇതോടെ മെങ്കർ നിൽപ് സമരവുമായി പഞ്ചായത്ത് ഓഫീസിന് മുന്നിൽ എത്തുകയായിരുന്നു
എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധ സമരം നടത്തും
- കെ.സി.പുഷ്പലത
വഴിവിളക്കുകൾ പോലെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും കൃത്യമായി പരിപാലിക്കാൻ കഴിയാത്ത മാന്നാർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി തികഞ്ഞ പരാജയമാണ്. ലൈറ്റ് തെളിയിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ സമരം സംഘടിപ്പിക്കും
- ഷംഷാദ് ചക്കുളത്ത്, യൂത്ത് കോൺഗ്രസ് മാന്നാർ മണ്ഡലം പ്രസിഡന്റ്