
മാന്നാർ: തിരുവല്ല-കായംകുളം സംസ്ഥാന പാതയിൽ മാന്നാർ കോയിക്കൽ ജംഗ്ഷന് വടക്ക് മരം കടപുഴകി സമീപത്ത് വഴിയോരക്കച്ചവടം നടത്തി വന്ന സ്ത്രീക്ക് പരിക്കേറ്റു. മരം റോഡിലേക്ക് വീണതിനെ തുടർന്ന് ഒരു മണിക്കൂറോളം സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ചുവട് ഭാഗം ദ്രവിച്ച് അപകടാവസ്ഥയിൽ നിന്നിരുന്ന പറങ്കിമാവ് ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് കടപുഴകിയത്. റോഡരികിൽ ചായക്കച്ചവടം നടത്തി വരുന്ന എടത്വ തലവടി സ്വദേശി രാഖിക്കാണ് പരിക്കേറ്റത്. മാവേലിക്കരയിൽ നിന്നുമെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മരം പൂർണമായി വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പരിക്കേറ്റ രാഖി മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യു മാന്നാർ ഏരിയ കമ്മറ്റി ട്രഷററും ജില്ലാ കമ്മറ്റി അംഗവുമാണ് പരിക്കേറ്റ രാഖി.