
ചാരുംമൂട് : മാവേലിക്കര ഉപജില്ലാ കലോത്സവത്തിന് നൂറനാട് പടനിലം എച്ച്.എസ്.എസിൽ തിരിതെളിഞ്ഞു. നാലു ദിവസം നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ 111 സ്കൂളുകളിൽ നിന്നായി നാലായിരത്തിലധികം വിദ്യാർത്ഥികളാണ് വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. പടനിലം എച്ച്.എസ്.എസ്,പടനിലം എൽ.പി.എസ്, പടനിലം പരബ്രഹ്മ ക്ഷേത്ര ഓഡിറ്റോറിയം, മുതുകാട്ടുകര ക്ഷേത്ര ഓഡിറ്റോറിയം എന്നിവിടങ്ങളിലായി 8 വേദികളിലാണ് മത്സരം. പടന്നിലം എച്ച്.എസ്.എസിലെ പ്രധാന വേദിയിൽ നടന്ന ചടങ്ങിൽ എം.എസ് .അരുൺ കുമാർ എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ കലോത്സവ വേദികളിലൂടെയാണ് പ്രമുഖരായ നിരവധി പ്രതിഭകളെ ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ എൻ.ഭാമിനി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. അജികുമാർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശോഭാസുരേഷ്, ടി.ബിന്ദു,ഗീത അപ്പുക്കുട്ടൻ, പഞ്ചായത്തംഗങ്ങളായ അഡ്വ.കെ.കെ.അനൂപ്, വി.പി. സോണി, ബി.ശിവപ്രസാദ്, ശ്രീകലാ സുരേഷ്, പടനിലം സ്കൂൾ മാനേജർ പി. അശോകൻ നായർ, പി.ടി.എ പ്രസിഡന്റ് പി.സി.ശ്രീകുമാർ, പടനിലം ക്ഷേത്ര സമിതി പ്രസിഡന്റ് രാധാകൃഷ്ണൻരാധാലയം, സ്വീകരണ കമ്മിറ്റി കൺവീനർ ജെ.റെജി, അദ്ധ്യാപക സംഘടനാ പ്രതിനിധികളായ എൻ.ഓമനക്കുട്ടൻ,ടി.ജെ.കൃഷ്ണകുമാർ, പോരുവഴി ബാലചന്ദ്രൻ, എസ്.സജീവ്, കെ. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. നവംബർ 1 ന് കലോത്സവം സമാപിക്കും.