
കുട്ടനാട്: നാട്ടുകാർ ചേർന്ന് നിർമ്മിച്ച് റോഡിന്റെ ഉദ്ഘാടനം ജനകീയമാക്കി നാട്ടുകാർ. കൈനകരി പഞ്ചായത്ത് എട്ടാം വാർഡ് ബേക്കറി പാലത്തിന്റെ അപ്രോച്ച് റോഡാണ് നാട്ടുകാർ ചേർന്ന് നിർമ്മിച്ചത്. ഒരു കിലോമീറ്ററോളം ദൂരം വരുന്ന അപ്രോച്ച് റോഡ് നാളുകളായി തകർന്ന നിലയിലായിരുന്നു. ഇതേതുടർന്ന് ജനം കടുത്ത യാത്രക്ലേശത്തിലായി . നാട്ടുകാരുടെ ദുരിതം കണക്കിലെടുത്ത് പഞ്ചായത്ത് നേതൃത്വത്തിൽ റോഡ് നിർമ്മിക്കുന്നതിനുള്ള ഫണ്ട് അനുവദിച്ചെങ്കിലും, അലൈൻമെന്റിനെ ചൊല്ലി പ്രദേശവാസിയുമായി ഉണ്ടായ തർക്കത്തിൽ നിർമ്മാണം നടത്താനാകാതെ ഫണ്ട് ലാപ്സായി. ഇതോടെ നാട്ടുകാർ റോഡിന്റെ നിർമ്മാണം ഏറ്റെടുത്ത് പൂർത്തികരിക്കുകയുമായിരുന്നു. ജനകീയ സമിതി പ്രസിഡന്റ് അപ്പച്ചി കായലിപ്പറമ്പ് ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ എ പ്രമോദ്, പഞ്ചായത്തംഗങ്ങളായ സബിത മനു, നോബിൻ പി.ജോൺ, സി.എൽ. ലെജുമോൻ ,സന്തോഷ് പട്ടണം, ജനകീയ സമിതി അംഗങ്ങളായ ജോജോ ഒറ്റത്തങ്കൽ, ഫിലിപ്പ് നിരയത്ത്, സി.പി.ജോമോൻ, മുൻ പഞ്ചായത്തംഗം കെ.പി.രാജീവ് എന്നിവർ സംസാരിച്ചു. ബേക്കറി ജംഗ്ക്ഷനിൽ നിന്ന് സെന്റ് മേരീസ് പള്ളി മൈതാനത്തേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയ്ക്ക് ശേഷം ആയിരുന്നു ഉദ്ഘാടനം. വിവിധ രാഷ്ട്രിയ സാമൂഹിക നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.