ആലപ്പുഴ: ആലപ്പുഴ-ചേർത്തല കനാലിനെ നവീകരിച്ച് മലിനീകരണം ഒഴിവാക്കി പൊതുജനാരോഗ്യ സംരക്ഷണം, വിനോദ സഞ്ചാര മേഖല ആകർഷകമാക്കുക എന്നീ ലക്ഷ്യങ്ങളുമായി എ.എസ് കനാൽ പുനരുജ്ജീവന നഗരസഭാതല കമ്മറ്റി രൂപീകരിച്ചു.
നഗരത്തിൽ മട്ടാഞ്ചേരി പാലം മുതൽ വടക്കോട്ട് പുതുവൽ കോളനി വരെയാണ് എ.എസ് കനാൽ കടന്നു പോകുന്നത്.
വാർഡുതല യോഗങ്ങൾ 5ന് മുമ്പ് നടക്കും. നവംബർ മൂന്നാമത്തെ ആഴ്ച കനാൽ ശുചീകരണത്തിന്റെ ഭാഗമായി മന്ത്രിമാർ, എം.എൽ.എമാർ, എം.പി, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ, കനാൽ നടത്തവും ജനകീയ പങ്കാളിത്തത്തോടെയുള്ള കനാൽ ശുചീകരണവും നടത്തും.
സേവ് എ.എസ് കനാൽ നഗരസഭാതല കമ്മിറ്റിയുടെ ചെയർമാനായി നഗരസഭാദ്ധ്യക്ഷയും വൈസ് ചെയർമാൻമാരായി കനാൽ തീരത്തെ ജനപ്രതിനിധികളെയും കൺവീനറായി ഹെൽത്ത് ഓഫീസർ, കോ-ഓർഡിനേറ്ററായി മാലിന്യ മുക്തം നവകേരളം നോഡൽ ഓഫീസർ എന്നിവരെ യോഗം തീരുമാനിച്ചു. യോഗത്തിൽ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. എം.ആർ.പ്രേം, ഡി.പി.മധു, ബി.മെഹബൂബ്, ഹെലൻ ഫെർണാണ്ടസ്, മോനിഷ ശ്യാം, ജ്യോതി പ്രകാശ്, സുമം സ്‌കന്ദൻ, കെ.എസ്.രാജേഷ്, ആർ.ബിജുമോൻ, വിജയപ്രസാദ്, നജിബുദ്ധീൻ, അജികുമാർ, കെ.പി.വർഗീസ്, സി.ജയകുമാർ, പി.ടി.ജയ്‌മോൾ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.