ആലപ്പുഴ: ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ അപമാനിച്ചെന്ന തരത്തിൽ നഗരസഭാ ജനപ്രതിനിധികൾക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐ ആലപ്പുഴ മണ്ഡലംകമ്മിറ്റി പ്രസ്താവിച്ചു. കഴിഞ്ഞ 24ന് വലിയചുടുകാട് മുനിസിപ്പൽ പാർക്കിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിന് ഇരയായ ജീവനക്കാർക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്തണമെന്നാണ് നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈനും ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ എ.എസ്.കവിതയും ആവശ്യപ്പെട്ടത്. എന്നാൽ ഡ്യൂട്ടി ഡോക്ടർ അവരുടെ നിലനിൽപ്പിന് വേണ്ടി കൃത്രിമമായി പരാതി കൊടുത്ത് ജനപ്രതിനിധികളെ അപകീർത്തിപ്പെടുത്തുകയും കള്ള പരാതി തയ്യാറാക്കുകയും ചെയ്തുവെന്ന് മണ്ഡലം കമ്മിറ്റിയോഗം വിലയിരുത്തി. ആശുപത്രികളിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും സാമൂഹ്യവിരുദ്ധരിൽ നിന്ന് സംരക്ഷണം ഒരുക്കുന്നതിന് സംസ്ഥാന സർക്കാർ കൊണ്ട് വന്ന നിയമത്തെ ദുർവിനിയോഗം ചെയ്യുന്ന ഉദ്യോഗസ്ഥ നടപടിക്കെതിരെ പ്രതിഷേധം ഉയരുമെന്നും, പ്രതിഷേധങ്ങൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം കൊടുക്കുമെന്നും സി.പി.ഐ ആലപ്പുഴ മണ്ഡലം കമ്മിറ്റി സെക്രട്ടറി പി.കെ.സദാശിവൻ പിള്ള അറിയിച്ചു.