photo-

ചാരുംമൂട് : വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി മാസങ്ങളായി കെ.പി റോഡിൽ വെള്ളക്കെട്ട്. കെ.പി ജംഗ്ഷന് കിഴക്കുഭാഗത്തായി കെൻസാ മാളിന് അടുത്തായാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. മാസങ്ങളായി വെള്ളം ഒഴുകുന്നുണ്ടെങ്കിലും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന നാട്ടുകാരുടെ ആരോപണം ശക്തമാകുകയാണ്. നാട്ടുകാർ പഞ്ചായത്തിലും ജനപ്രതിനിധിക്കും പരാതി നൽകിയെങ്കിലും യാതൊരു ഫലമില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിൽ വെള്ളം നിറഞ്ഞ് കുതിർന്നുകിടന്നതിനാൽ ഈ ഭാഗത്ത് നിലത്ത് വിരിച്ചിരിക്കുന്ന ഇന്റർലോക്ക് ഇഷ്ടികകൾ കഴിഞ്ഞദിവസം ടാങ്കർ ലോറി കയറി ഇളകിമാറി. ചാരുമൂട്ടിലെ ഏറ്റവും തിരക്കുള്ള ഭാഗമാണ് കെ.പി റോഡ് ജംഗ്ഷനിലെ കിഴക്ക് ഭാഗം. മത്സ്യമാർക്കറ്റ് അടക്കം നിരവധി വ്യാപര സ്ഥാപനങ്ങളും ആശുപത്രിയും എൽ.ഐ.സി ഓഫീസും ബാങ്കുകളും അടക്കം സാധാരണക്കാർ ദിവസേന എത്തുന്ന ഭാഗമാണിത്. പൈപ്പ് നന്നാക്കുന്നതിനോടൊപ്പം അവിടെ നാശം സംഭവിച്ച ഇന്റർലോക്ക് ഇഷ്ടികകൾ കൂടി നന്നാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇതിന് അടുത്തായി എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ ഓഫീസിന് സമീപവും കുടിവെള്ള പൈപ്പിന് പൊട്ടൽ ഉണ്ട്.

--------------------------------

''പൊതുജനങ്ങൾക്ക് കുടിവെള്ള വിതരണം ചെയ്യുന്ന പൈപ്പിൽ മിക്കപ്പോഴും വെള്ളമില്ലാത്ത അവസ്ഥ ഉള്ളപ്പോളാണ് ഇവിടെ മാസങ്ങളായി വെള്ളം നഷ്ടപ്പെടുന്നത്. വാട്ടർ അതോറിട്ടിയുടെ അനാസ്ഥയ്ക്കെതിരെ ശക്തമായ സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് പൊതുജനങ്ങളും പ്രദേശത്തെ വ്യാപാരികളും.

രാധ, ആർ.കെ.സിൽക്‌സ്

യൂണിറ്റ് പ്രസിഡന്റ്,

കെ.വി.വി.ഇ.എസ്

വനിതാവിംഗ്