
കായംകുളം: സർക്കാർ ആശുപത്രിയിൽ പുതുതായി നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ പണി ഇഴഞ്ഞു നീങ്ങുന്നത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. മൂന്നു വർഷം മുമ്പാണ് നിലവിലുള്ള മൂന്ന് കെട്ടിടം ഒഴികെ ഏഴോളംകെട്ടിടങ്ങൾ പൊളിച്ചു നീക്കി പുതിയ ബഹുനില മന്ദിരത്തിന്റെ പണി ആരംഭിച്ചത്. വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിടത്തിന്റെ പണിപൂർത്തീകരിക്കാത്തതുമൂലം രോഗികൾ ദുരിതത്തിലാണ്. ഒച്ചിഴയും വേഗത്തിലാണ് പണി നടക്കുന്നത്.സ്ഥലപരിമിതികൾ മൂലം ഏറെ ബുദ്ധിമുട്ടിയാണ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നത്. രോഗികൾക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടുള്ളത് കാരണം ഒ.പിയിൽ പോലും പോകാൻ കഴിയുന്നില്ല. കിടത്തി ചികിത്സ പേരിനു മാത്രമാണ് നടക്കുന്നത്. പ്രധാനപ്പെട്ട പല വിഭാഗങ്ങളിലും കിടത്തി ചികിത്സ ഇപ്പോൾ ഇല്ല.ആശുപത്രിയിൽ എത്തുന്നവരുടെ ഇരുചക്രവാഹനങ്ങൾആശുപത്രിക്ക് മുന്നിലെ റോഡിൽ പാർക്ക് ചെയ്യേണ്ടി വരുന്നതിനാൽ ടി.ബി റോഡ് മിക്കപ്പോഴും ഗതാഗത കുരുക്കിലാണ്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുവാൻ ആരും ഇടപെടാനില്ലാത്ത അവസ്ഥയാണ് ഉള്ളത്.
-----------------
പുതിയ കെട്ടിടം
വിസ്തീർണ്ണം....1,40,000 ചതുരശ്ര അടി
 നിലകൾ...........5
 കിഫ്ബി ഫണ്ട്................ 45.70 കോടി
...........
 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം
സംസ്ഥാന ഭവന ബോർഡ് കോർപ്പറേഷനാണ് നിർവ്വഹണ ഏജൻസി. 18 മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നായിരുന്നു നിർദ്ദേശം. 150 കിടക്കകളോടുകൂടിയ ഐ.പി ,16 പേ വാർഡുകൾ, മേജർ ഔട്ട് പേഷ്യന്റ് വിഭാഗം, ലബോറട്ടറി സംവിധാനങ്ങൾ,24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, 3 മോഡുലാർ ഓപ്പറേഷൻ തീയേറ്ററുകൾ, സെമിനാർ ഹാൾ, കോൺഫറൻസ് ഹാൾ, ഡൈനിംഗ് ഹാൾ, പവർ ലോൺട്രി, ഡയാലിസിസ് യൂണിറ്റ്, തീവ്രപരിചരണ വിഭാഗങ്ങൾ,സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ,ചുറ്റുമതിൽ, സെക്യൂരിറ്റി ക്യാബിൻ,അഗ്നി രക്ഷാ ഉപകരണങ്ങൾ,സി.സി.ടി.വി യൂണിറ്റുകൾ, ലിഫ്റ്റ് സൗകര്യങ്ങൾ, ജനറേറ്ററുകൾ,ലാൻഡ് സ്ക്കേപ്പിംഗ്, അത്യാധുനിക ആശുപത്രി ഉപകരണങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.