waste

ആലപ്പുഴ: നഗരത്തിലെ കൊച്ചുകടപ്പാലത്തിനോട് ചേർന്ന പുറമ്പോക്ക് പ്രദേശത്ത് ഇറച്ചി മാലിന്യങ്ങളടക്കം തള്ളുന്നത് പതിവാകുന്നു. രാത്രിയും പുലർച്ചെയുമായാണ് നിക്ഷേപം. ഇതോടെ ഈപ്രദേശം തെരുവുനായ്ക്കളുടെ താവളമാണ്. രാവിലെ നടക്കാനിറങ്ങുന്നവർ കൂട്ടമായി നിൽക്കുന്ന നായ്ക്കളെ കണ്ട് പലപ്പോഴും ഭയപ്പാടോടെ പിന്തിരിഞ്ഞ് പോകാറുണ്ട്. നായ്ക്കൾ തമ്പടിക്കുന്ന സമയം, ഈ വഴിക്ക് ഓട്ടോറിക്ഷകൾ പോലും വിളിച്ചാൽ വരാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. നാളുകളായി മാലിന്യ നിക്ഷേപം തുടർന്നിട്ടും ഇതവനസാനിപ്പിക്കാൻ അധികൃതർ ഇടപെടുന്നില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. എല്ലാ ദിവസവും ശുചീകരണ തൊഴിലാളികൾ ഈ പ്രദേശത്ത് നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുകയാണ്. ചേമ്പർ ഒഫ് കൊമേഴ്സ് കെട്ടിടത്തിന് സമീപം ഇറച്ചി മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്ക്കൾ കൂട്ടമായി തങ്ങുന്ന സ്ഥിതിയുണ്ട്.

...........

സ്ക്വാഡ് തിരിച്ച് വരണം

മുമ്പ് നഗരം കേന്ദ്രീകരിച്ച് മാലിന്യ നിക്ഷേപകരെ കൈയോടെ പിടികൂടാൻ നൈറ്റ് സ്ക്വാഡ് പ്രവർത്തിച്ചിരുന്ന കാലത്ത് വലിച്ചെറിയൽ പ്രവണതയ്ക്ക് വലിയ കുറവ് വന്നിരുന്നു. പിടികൂടുന്നവരുടെ ദൃശ്യങ്ങളടക്കം പ്രചരിപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. സ്ക്വാഡും നിരീക്ഷണവും നിലച്ചതോടെ കാര്യങ്ങൾ പഴയപടിയായി.

......

രാവിലെ ബൈക്കിലെത്തിയപ്പോൾ ഇരുപത്തിയഞ്ചിൽ കുറയാത്ത എണ്ണം നായ്ക്കൾ പ്രദേശത്തുണ്ടായിരുന്നു. പേടിച്ച് വേറെ വഴിയാണ് യാത്ര തുടർന്നത്

-ഫൈസൽ, പ്രദേശവാസി