മുഹമ്മ: മുഹമ്മ കാർമ്മൽ സ്റ്റേഡിയത്തിൽ നടന്ന റവന്യു ജില്ലാ കായികമേളയിൽ ഇരട്ട സഹോദരിമാർ മത്സരത്തിനെത്തിയത് കൗതുകമായി. കലവൂർ ജി.എച്ച്.എസ്.എസിലെ പ്‌ളസ് ടു വിദ്യാർത്ഥികളായ വെർജീനിയ,ഗ്രാക്‌സിയ എന്നിവരാണ് മത്സരത്തിൽ വിജയികളായത്.
വെർജീനിയ സീനിയർ ഗേൾസ് 1500 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാമതെത്തി. ഗ്രാക്‌സിയ പോൾവാട്ടിലും 400 മീറ്റർ ഓട്ടത്തിലും ഒന്നാമതെത്തി. ഗ്രാക്‌സിയ രണ്ട് വർഷം തുടർച്ചയായാണ് ഒന്നാമതെത്തുന്നത്. പ്രീതികുളങ്ങര എൻ.ഗോപിനാഥ് സ്‌പോർട്‌സ് അക്കാഡമിയിൽ കെ.ആർ.സാംജിയുടെ ശിക്ഷണത്തിൽ ഇവർ രണ്ടു വർഷമായി പരിശീലനം നടത്തിവരുന്നു. അച്ഛൻ ലൈജു ചേർത്തല മണ്ണ് പരിശോധന കേന്ദ്രത്തിലെ എൻജിനിയറാണ്. അമ്മ മേരി. സഹോദരി മെഡോണ കായിക താരമായിരുന്നു. മറ്റൊരു സഹോദരി മെർലിൻ നഴ്‌സാണ്.