ആലപ്പുഴ: ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി സർക്കാർ നിർദ്ദേശ പ്രകാരം സംസ്ഥാനവ്യാപകമായി താലൂക്ക് തലത്തിൽ നടത്തുന്ന അദാലത്തുകൾക്ക് ജില്ലയിൽ തുടക്കമായി. ആദ്യ അദാലത്ത് ജില്ല കളക്ടർ അലക്‌സ് വർഗീസിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ താലൂക്കിൽ താലൂക്ക് ഓഫീസ് ഹാളിൽ നടന്നു. ഫീസിളവിനർഹതയുള്ള ( 25 സെന്റിൽ താഴെ) ഫോം 6 അപേക്ഷകളും, ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കുന്നതിനായുള്ള ഫോം 5 അപേക്ഷകളുമാണ് പരിഗണിച്ചത്. അദാലത്തിൽ 223 കേസുകൾ തീർപ്പാക്കി. ഈ കാലയളവിലെ തീർപ്പാക്കാൻ ശേഷിക്കുന്ന കേസുകളിൽ നവംബർ 30നുളളിൽ തീർപ്പാക്കുന്നതിനുള്ള നടപടികൾ തുടരുമെന്ന് ജില്ല കളക്ടർ പറഞ്ഞു. ആഗസ്റ്റ് 31വരെ ലഭിച്ച അപേക്ഷകൾ എത്രയും പെട്ടെന്ന് തീർപ്പാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ല കളക്ടർ നിർദ്ദേശം നൽകി.അദാലത്തിൽ എ.ഡി.എം ആശാ.സി.എബ്രഹാം, അമ്പലപ്പുഴ താലൂക്ക് തരംമാറ്റ നടപടികളുടെ ചുമതല വഹിക്കുന്ന
ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ജോളി ജോസഫ്, അമ്പലപ്പുഴ തഹസിൽദാർ എസ്.അൻവർ, വില്ലേജ് ഓഫീസർമാർ, കൃഷി ഓഫീസർമാർ എന്നിവരും മറ്റു റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു.