
അമ്പലപ്പുഴ: ലക്ഷങ്ങൾ ചെലവഴിച്ചു നിർമ്മിച്ച കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ കെട്ടിടം നോക്കുകുത്തിയായതോടെ യാത്രക്കാർ മഴയും വെയിലുമേറ്റ് പെരുവഴിയിൽ. അമ്പലപ്പുഴ കച്ചേരി മുക്കിൽ നിർമ്മിച്ച കെട്ടിടത്തിനാണ് ഈ ദുരവസ്ഥ.കെ.സി.വേണുഗോപാൽ എം.പിയായിരുന്ന 2013ലാണ് 15 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റേഷൻ മാസ്റ്റർ ഓഫീസ് കെട്ടിടവും യാത്രക്കാർക്ക് വിശ്രമ കേന്ദ്രവും നിർമ്മിച്ചത്. പുരുഷൻമാർക്കും സ്ത്രീകൾക്കുമായി പ്രത്യേക ടോയ്ലറ്റും നിർമ്മിച്ചിരുന്നു. എന്നാൽ ഉദ്ഘാടനം നടന്ന് ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോൾത്തന്നെ ഈ കെട്ടിടത്തിന്റെ പ്രവർത്തനം നിലച്ചു. സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി കെട്ടിടം മാറിയതോടെ യാത്രക്കാർ ഈ കെട്ടിടത്തെ ഉപേക്ഷിച്ചു. നാടോടികളും മദ്യപാനികളും ഇവിടം താവളമാക്കിയതോടെ ശുചി മുറികളും വൃത്തികേടായി ഉപയോഗശൂന്യമായി. ഇപ്പോൾ ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ ജംഗ്ഷന് വടക്കു ഭാഗത്തെ കെ.കെ.കുഞ്ചു പിള്ള സ്മാരക സ്കൂളിന് മുന്നിലാണ് ബസിനായി കാത്തു നിൽക്കുന്നത്. വിദ്യാർത്ഥികളടക്കം നൂറു കണക്കിന് പേരാണ് വെയിലും മഴയുമേറ്റ് ഇവിടെ ബസിനായി കാത്തു നിൽക്കുന്നത്. കനത്ത മഴയിലും വെയിലിലും ഇവിടുത്തെ ഒരു ചെറിയ കടയുടെ തറപ്പാളയ്ക്ക് താഴെയാണ് യാത്രക്കാർ നിൽക്കുന്നത്.
.......
രാത്രിയിൽ വെളിച്ചമില്ല
ബസ് സ്റ്റേഷൻ കെട്ടിടം വൃത്തിയാക്കിയാൽ ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് ഇവിടെ വെയിലും മഴയുമേൽക്കാതെ നിൽക്കാൻ കഴിയും. നിലവിൽ ഈ കെട്ടിടം സ്വകാര്യ വ്യക്തികളുടെ ഇരുചക്ര വാഹനങ്ങളടക്കമുള്ള വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള കേന്ദ്രമായി മാറി. ഇപ്പോൾ രാത്രിയും പകലും മദ്യപാനികളുടെ കേന്ദ്രമാണിത്. കെട്ടിടം അടിയന്തരമായി വൃത്തിയാക്കി യാത്രക്കാർക്ക് പ്രയോജനകരമാകുന്ന തരത്തിൽ തുറന്നുകൊടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
.......
 കെട്ടിടത്തിന്റെ ചെലവ്..........15 ലക്ഷം
...........
'' കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നാട്ടുകാർക്ക് പ്രയോജനമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.വിദ്യാർത്ഥികളും സ്ത്രീകളും അടങ്ങുന്ന യാത്രക്കാർ മഴയും വെയിലും ഏറ്റ് റോഡിലെ പൊടിയും സഹിച്ച് റോഡരുകിൽ നിൽക്കേണ്ട ഗതികേടിലാണ്. ബസ് സ്റ്റാൻഡ് കെട്ടിടം വൃത്തിയാക്കി ബസുകൾ സ്റ്റാൻഡിൽ നിറുത്തി യാത്രക്കാരെ കയറ്റുന്ന നടപടി എത്രയും വേഗം സ്വീകരിക്കണം
- വി.ഉത്തമൻ,
എസ്.എൻ.ഡി.പി യോഗം 3715-ാം നമ്പർ
കോമന ശാഖാ സെക്രട്ടറി