ആലപ്പുഴ : പുന്നപ്ര പൊലീസ് സ്റ്റേഷൻ കെട്ടിടത്തത്തിന് 45വർഷത്തെ പഴക്കമുണ്ട്.

ജീർണ്ണാവസ്ഥയിലായ കെട്ടിടത്തിലെ ഇടുങ്ങിയ മുറികളിലാണ് 45 ഉദ്യോഗസ്ഥർ ജോലിനോക്കുന്നത്. കേസുകളുടെ എണ്ണം വർദ്ധിക്കുമ്പോഴും മതിയായ ഉദ്യോഗസ്ഥർ ഇല്ലാത്തത് സ്റ്റേഷൻ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.

1991ൽ ആണ് അവസാനമായി ജീവനക്കാരുടെ തസ്തിക അനുവദിച്ചത്.

കുട്ടികളുടെ സൗഹൃദ കേന്ദ്രം, സീനിയർ സിറ്റിസൺ ഫോറം, കൗൺസലിംഗ് സെന്റർ, ഭിന്നശേഷിക്കാർക്ക് പ്രത്യേക ടോയ്ലറ്റ് എന്നിവയും പരിമിതമായ സ്ഥലത്ത് പ്രവർത്തിക്കുന്നുണ്ട്.

പുന്നപ്ര-വയലാർ സമരത്തിന് സാക്ഷ്യവഹിച്ച ചരിത്രം ഈ പൊലീസ് സ്റ്റേഷനുണ്ട്.

ആലപ്പുഴ സൗത്ത് ഇൻസ്പെക്ടറുടെ കീഴിലുള്ള പൊലീസ് ഔട്ട്പോസ്റ്റ് ആയിരുന്നു അന്ന്. 1969 ഒക്ടോബറിൽ പൊലീസ് സ്റ്റേഷനായി ഉയർത്തി. ആദ്യത്തെ ഇൻസ്പെക്ടർ എൻ.സി.തോമസായിരുന്നു. ഇൻസ്പെക്ടറുടെ ക്വാട്ടേഴ്സ് പൊളിച്ചാണ് ഇന്ന് കാണുന്ന കെട്ടിടം നിർമ്മിച്ചത്.

വിപുലമാക്കിയെങ്കിലും ചോർച്ച

1.ജില്ലയിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിലൊന്നാണ് ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്നു പുന്നപ്ര സ്റ്റേഷൻ. പലതവണ കെട്ടിടം വിപുലമാക്കിയെങ്കിലും മുൻഭാഗം ഇപ്പോഴും മഴയിൽ ചോരുന്ന അവസ്ഥ. പൊലീസ് വാഹനങ്ങൾ പോലും പാർക്ക് ചെയ്യാൻ നിവൃത്തിയില്ല

2.സ്വന്തമായി രണ്ട് ഏക്കർ സ്ഥലം ഉണ്ടായിട്ടും പുതിയ കെട്ടിടം നിർമ്മിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് തടസം. ദേശീയപാത നവീകരണം തുടങ്ങിയതോടെ സ്റ്റേഷനും പാതയുമായി 25 മീറ്റർ പോലും അകലമില്ലാതായി

കേസുകൾ

പ്രതിവർഷം: 1500

ജീവനക്കാർ: 45

വനിതകൾ: 5

പ്രവർത്തനപരിധി

പുന്നപ്ര വടക്ക്, തെക്ക് പഞ്ചായത്തുകൾ പൂർണ്ണമായും അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 1,5,17,18 വാർഡുകൾ

നാലര പതിറ്റാണ്ടിലധികം പഴക്കമുള്ള പുന്നപ്ര പൊലീസ് സ്റ്റേഷന്റെ നിലവിലെ കെട്ടിടത്തിന് പകരം കൂടുതൽ സൗകര്യങ്ങളുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സർക്കാർ അടിയന്തരമായി പണം അനുവദിക്കണം

-ബേബിപാറക്കാടൻ,​ സാമൂഹ്യപ്രവർത്തകൻ

(ലേഖകന്റെ ഫോൺ: 9946108398)