pn-neduveli

മാന്നാർ: ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ കേരളത്തിന്റെ ഭരണഭാഷ മലയാളമാക്കുന്നതിന് നടത്തിയ,​ നാലു പതിറ്റാണ്ട് പിന്നിട്ട സമരചരിത്ര സ്മരണയിലാണ് കേരളപ്പിറവി ദിനത്തിൽ പി.എൻ.നെടുവേലി. മലയാളം ഭരണ ഭാഷ ആക്കാനും ശ്രേഷ്ഠ ഭാഷാ പദവിയിലേക്ക് ഉയർത്താനും വേണ്ടി നാലു പതിറ്റാണ്ടു മുമ്പ് വ്യത്യസ്തമായ സമരമുറകൾ നടത്തി കേരളം മുഴുവനും ശ്രദ്ധിക്കപ്പെട്ട ഭാഷാസ്നേഹിയും മനുഷ്യാവകാശ പ്രവർത്തകനുമാണ് മാന്നാർ നെടുവമ്പാടിയിൽ ബേബിയെന്ന പി.എൻ നെടുവേലി.

കായംകുളം എം.എസ്.എം കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിദ്യാർത്ഥിയായിരിക്കെ,​ സോഷ്യലിസ്ററ് കേരളാകോൺഗ്രസിന്റെ യുവജന വിഭാഗമായ കെ.എസ്.വൈ.എഫ് സംസ്ഥാനപ്രസിഡന്റ് കൂടിയായിരുന്ന പി.എൻ നെടുവേലി 1983 മാർച്ച് 3ന് ഭരണഭാഷ മലയാളമാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ ഗാലറിയിൽ മുദ്രാവാക്യം മുഴക്കുകയും ജയിൽശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നെടുവേലിയെ സ്വീകരിക്കാൻ പി.എൻ.പണിക്കർ, സുകുമാർ അഴീക്കോട്, ജോർജ്ജ് ഓണക്കൂർ തുടങ്ങിയവർ ഉൾപ്പടെ ഭാഷാസ്നേഹികളുടെ ഒരുപട തന്നെയുണ്ടായിരുന്നു.

ഇംഗ്ളീഷിലുള്ള സർക്കാർ ബോർഡുകളിൽ മലയാളത്തിലാക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം പൊലീസ് കൺട്രോൾറൂമിന്റെ ദിശാബോർഡ് ടാർ പൂശിക്കൊണ്ടിയാരുന്നു നെടുവേലിയുടെ പിന്നീടുള്ള സമരത്തിന്റെ തുടക്കം. മലയാളത്തിന് അംഗീകാരം വേണം എന്ന ആവശ്യവുമായി 1983ൽ തിരുവോണ നാളിൽ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപവാസമിരുന്നു. 1991ൽ ജില്ലാ കൗൺസിൽ പിരിച്ചു വിട്ടതിനെതിരെ തലമൊട്ടയടിച്ചും നാളികേരത്തിന്റെ വിലയിടിവിനെതിരെ കിളിർത്ത തേങ്ങയിൽ രക്തം കൊണ്ടെഴുതിയ നിവേദനം പ്രധാനമന്ത്രിക്ക് അയച്ചും വാതക മാലിന്യങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് രക്തത്തിൽ ചാലിച്ച നിവേദനം സമർപ്പിച്ചും പോരാട്ടങ്ങൾ ഏറെ നടത്തിയിട്ടുണ്ട് മാന്നാർ ഗ്രാമപഞ്ചായത്ത് മുൻ അംഗം കൂടിയായ പി.എൻ നെടുവേലി. ഐ.എ.എസ് എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഗുരുനാഥൻ കൂടിയാണ് അദ്ദേഹം.

അന്നത്തെ കൗമുദി കൈയിലുണ്ട് !

1983 നവംബർ 16ലെ കേരളകൗമുദി പത്രം പി.എൻ നെടുവേലി

നിധിപോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള പ്രധാന പട്ടണങ്ങളിലൂടെ സഞ്ചരിച്ച് കാസർകോട് സമാപിച്ച ഭരണഭാഷ സൈക്കിൾ റാലിയുടെ ഉദ്‌ഘാടന വാർത്തയാണ് അന്നേ ദിവസത്തെ പത്രത്തിലുള്ളത്. സോഷ്യലിസ്റ്റ് കേരള കോൺഗ്രസ് നേതാവ് ലോനപ്പൻ നമ്പാടൻ ഉദ്‌ഘാടനം ചെയ്ത റാലിയുടെ ക്യാപ്റ്റൻ പി.എൻ നെടുവേലിയായിരുന്നു.