ആലപ്പുഴ: ആലപ്പുഴ നഗരസഭാ തലത്തിലെ വാർഡ് വിഭജനത്തിൽ മാറ്റങ്ങൾ വേണമെന്ന് അധികാര സ്ഥാനങ്ങളിലിരിക്കുന്നവർ സമ്മർദ്ദം ചെലുത്തുന്നതായി വിവരങ്ങൾ പുറത്തുവരുന്നു. സാറ്റലൈറ്റ് മാപ്പിംഗിന്റെ ഡിജിറ്റൽ കോപ്പി ജനപ്രതിനിധികൾക്കിടയിൽ പ്രചരിച്ചിരുന്നു. നിലവിൽ തയ്യാറാക്കിയിരിക്കുന്ന വിഭജന പ്രക്രിയ പ്രകാരം നഗരസഭയിൽ മൂന്നാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് കൂടുതൽ മുന്നേറ്റത്തിന് സാദ്ധ്യത തെളിയുമെന്ന ആരോപണം ഉയരുന്നുണ്ട്. ചില ഉദ്യോഗസ്ഥർ കോൺഗ്രസ് നേതാക്കളുടെ ഓഫീസ് കേന്ദ്രീകരിച്ച് വിവിധ വാർഡുകളുടെ വിഭജനത്തിൽ ചർച്ച നടത്തിയെന്ന ആക്ഷേപവും പല കോണിൽ നിന്നുയരുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളുമായി വിഭജന വിഷയത്തിൽ ചർച്ചകൾ പാടില്ലെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശമുണ്ട്. ജനസംഖ്യ കൂടുതലുള്ള തീരദേശവാർഡുകളായ മംഗലത്തിനും തുമ്പോളിക്കുമിടയിൽ പുതിയ വാർഡ് രൂപീകരിക്കാനാണ് സാദ്ധ്യത. വാർഡ് വിഭജന കരട് റിപ്പോർട്ട് 16ന് പുറത്തിറക്കും. കളക്ടർ അഞ്ചിനകം ഡീലിമിറ്റേഷൻ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കും. ആദ്യഘട്ട പുനർവിഭജന പ്രക്രിയയാണ് പൂർത്തിയായിരിക്കുന്നത്. കരട് പ്രസിദ്ധീകരിച്ച ശേഷം രാഷ്ട്രീയ പാർട്ടികൾക്ക് ആക്ഷേപം ഉന്നയിക്കാൻ അവസരമുണ്ടാകും.