yhj

ഹരിപ്പാട്: മുതുകുളത്ത് തെരുവ് നായ അനിയന്ത്രിതമായി പെരുകുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കൂട്ടങ്ങളുടെ ആക്രമണം വർദ്ധിച്ചതോടെ നാട്ടുകാർ ഭയപ്പാടിലാണ്. ഒട്ടേറെ പേർക്കാണ് നായയുടെ കടിയേൽക്കുന്നത്. സാമൂഹികാരോഗ്യകേന്ദ്രം, പാണ്ഡവർകാവ്, ഷാപ്പുമുക്ക്, പുത്തൻചന്ത, കൊല്ലകൽ, ഇലങ്കം, വാരണപ്പളളിൽ ഭാഗങ്ങളിലെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്. നായ്ക്കൂട്ടത്തെ പേടിച്ച് കുട്ടികളെ മുറ്റത്തേക്കിറക്കാൻ പോലും വീട്ടുകാർ ഭയപ്പെടുന്നു. മുതുകുളം വടക്കൻ പ്രദേശത്ത് കഴിഞ്ഞിടെ അഞ്ചോളം പേർക്ക് നായയുടെ കടിയേറ്റു. രണ്ടു ദിവത്തിനിടെ ഇരുപതോളം പേരെ നായ ആക്രമികച്ചു. രണ്ടാഴ്ച മുമ്പ് ഷാപ്പുമുക്ക് ഭാഗത്തുകൂടി സൈക്കിളിൽ വന്ന കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് നായ്ക്കൂട്ടാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.വീടിന് പുറത്തു സൂക്ഷിക്കുന്ന ഇരുചക്രവാഹനങ്ങളുടെ സീറ്റും കേബിളുമെല്ലാം കടിച്ചുകീറി നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. മുതുകുളത്തോടു ചേർന്നു കിടക്കുന്ന ചിങ്ങോലി എൻ.ടി.പി.സി. ജംഗ്ഷനു സമീപവും തെരുവ് നായ ശല്യം രൂക്ഷമാണ്. ഒരാഴ്ച മുമ്പ് ചിങ്ങോലിയിൽ എട്ടോളം പേർക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. തുടർന്ന്, ഗ്രാമപ്പഞ്ചായത്ത് അധികൃതർ മുൻകൈയെടുത്ത് തെരുവുനായ്ക്കളെ പിടികൂടി വാക്‌സിനേഷൻ നൽകിയിരുന്നു. മുതുകുളത്തെ തെരുവുനായ ശല്യം ഇത്രയും രൂക്ഷമായിട്ടും നിയന്ത്രിക്കാൻ യാതൊരു നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപമുണ്ട്.

.......

# വാഹനയാത്രക്കാർക്ക് ഭീഷണി

ഇരുചക്രവാഹനക്കാർക്കും നായ്ക്കൾ വലിയ ഭീഷണി ഉയർത്തുന്നുണ്ട്. അപ്രതീക്ഷിതമായി റോഡിനു കുറുകെ ചാടുന്ന നായകളെ തട്ടിവീണ് ഒട്ടേറെ അപകടങ്ങളാണുണ്ടാകുന്നത്. ഒന്നരമാസം മുമ്പ് മുതുകുളം സ്റ്റാർ ജംഗ്ഷന് സമീപം നായയെ തട്ടി സ്‌കൂട്ടർ മറിഞ്ഞ് അമ്മക്കും മകൾക്കും പരിക്കേറ്റിരുന്നു. കൂടാതെ കോഴികൾ ഉൾപ്പെടെയുളള വളർത്തുപക്ഷികളെയും നായ്ക്കൂട്ടം കടിച്ചു കൊല്ലുന്നു. ഇതുകാരണം പലരുമിപ്പോൾ കോഴിവളർത്തൽ ഉപേക്ഷിച്ചു.