ആലപ്പുഴ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ആലപ്പുഴ അസംബ്ലി മണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകളിലും ഇന്ന് ശുചിത്വ അസംബ്ലി നടക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ കലവൂർ ഗവ.എച്ച്.എസിൽ അസംബ്ലിയിൽ പങ്കെടുത്ത് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും. ജില്ലാ കളക്ടർ അലക്‌സ് വർഗീസ് സെന്റ് ജോസഫ് എച്ച്.എസ് സ്കൂളിൽ പങ്കെടുക്കും. വിവിധ സ്കൂളുകളിൽ ജനപ്രതിനിധികൾ പ്രതിജ്ഞാവാചകം ചൊല്ലി കൊടുക്കും.
23ന് കുട്ടികൾക്കും ശുചിത്വ മണ്ഡലം ടീച്ചർ കോർഡിനേറ്റർമാർക്കും ഏകദിന ശില്പശാല നടത്തും. 25 നുള്ളിൽ സ്‌കൂളുകളിലെ മാലിന്യ സംസ്‌കരണ ഉപാധികളുടെ ഉപയോഗം സംബന്ധിച്ച് സർവേ പൂർത്തിയാക്കും. ഡിസംബർ 31ന് മുമ്പ് സ്‌കൂൾ കോമ്പൗണ്ടുകൾ ശുചീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥലത്ത് സൗന്ദര്യവത്കരണം നടത്തും. സ്‌കൂളുകളിൽ ഡിസ്‌പോസിബിൾ പാത്രങ്ങളുടെയും ക്ലാസുകളുടെ ഉപയോഗം നിറുത്തലാക്കും. കുട്ടികളിൽ ശാസ്ത്രീയ മാലിന്യ നിർമ്മാർജ്ജന സംസ്‌കാരം വളർത്തിയെടുക്കുന്നതിനുള്ള ആഘോഷം സൃഷ്ടിക്കുന്ന പ്രചരണ പരിപാടികൾ നടത്തും. ജനുവരി മാസത്തോടെ മണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകളും സമ്പൂർണ ശുചിത്വ സ്‌കൂളുകളായി പ്രഖ്യാപിക്കുമെന്ന് എം.എൽ.എ പറഞ്ഞു.