
മുഹമ്മ: അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് നാടിന്റെ സഹായത്തിന് കാത്തുനിൽക്കാതെ യാത്രയായി. മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡ് കാവുങ്കൽ ജംഗ്ഷന് കിഴക്ക് പുത്താട്ട് അമൽ (27) ആണ് മരിച്ചത്.
ഇരുചക്ര വാഹനത്തിൽ യാത്രചെയ്യവെ കഴിഞ്ഞ 26 ന് മുട്ടത്തിപറമ്പിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്ക്പറ്റി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. ഭീമമായ ചികിത്സാ ചെലവ് കണ്ടെത്താൻ നിർദ്ധന കുടുംബത്തിന് മാർഗ്ഗമില്ലാത്തതിനാൽ അമൽ ചികിത്സാ സഹായ സമിതിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ച് പൊതു ധനസമാഹരണം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. പിതാവ്: കുഞ്ഞുമോൻ. മാതാവ്: ബിന്ദു. ഭാര്യ: അഞ്ജു സുരേന്ദ്രൻ. മകൾ: നിഹാരിക. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.