
ന്യൂഡൽഹി : 1992-93 കാലത്തെ മുംബയ് കലാപത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നഷ്‌ടപരിഹാര വിതരണം ഇനിയും പൂർത്തിയാകാത്തതിൽ സുപ്രീംകോടതി അതൃപ്‌തി രേഖപ്പെടുത്തി. ഇരകൾക്ക് നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നതിൽ വലിയ കാലതാമസമെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നടപടികളിലെ പുരോഗതി അറിയിക്കാൻ മഹാരാഷ്ട്ര സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിട്ടി സമയം ചോദിച്ചപ്പോഴാണ് പ്രതികരണം. റിപ്പോർട്ട് സമർപ്പിക്കാൻ അതോറിട്ടിക്ക് മൂന്നുമാസം സമയം അനുവദിച്ചു. 2025 ജനുവരി 20ന് വിഷയം വീണ്ടും പരിഗണിക്കും. ഒരു മാസത്തിനകം നടപടിയെടുക്കാൻ 2023 മാർച്ച് ഒന്നിന് മുംബയ് റസിഡന്റ് ഡെപ്യൂട്ടി കളക്‌ടർക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു. ബാബറി മസ്‌ജിദ് തകർത്തതിന് പിന്നാലെ 1992 ഡിസംബർ - 1993 ജനുവരി കാലത്തുണ്ടായ മുംബയ് കലാപത്തിൽ 900ൽപ്പരം പേരാണ് കൊല്ലപ്പെട്ടത്. 2000ൽ അധികം ആൾക്കാർക്ക് പരിക്കേറ്റിരുന്നു.