d

ന്യൂഡൽഹി: പത്ത് വർഷത്തിനുശേഷം നടന്ന ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും സമാധാനപരമായി പൂർത്തിയായി. ഇന്നലെ ഏഴു ജില്ലകളിലെ 40 സീറ്റുകളിലേക്ക് നടന്ന മൂന്നാം ഘട്ടത്തിൽ പോളിംഗ് 65.5 ശതമാനം കടന്നു. അതിർത്തി ജില്ലകളിൽ അടക്കം നടന്ന വോട്ടിംഗ് സമാധാനപരമായിരുന്നു. ഇന്നലെ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിൽ 24 എണ്ണം ജമ്മു ഡിവിഷനിലും 16 എണ്ണം കാശ്മീരിലുമായിരുന്നു. വടക്കൻ കാശ്മീരിലെ മൂന്ന് അതിർത്തി ജില്ലകളിൽ കനത്ത സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്. സെപ്‌തംബർ 18നടന്ന ഒന്നാം ഘട്ടവോട്ടെടുപ്പിൽ 61.38 ശതമാനവും സെപ്‌തംബർ 25ന് രണ്ടാം ഘട്ടത്തിൽ 57.31 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.

ജനവിധി തേടിയ പ്രമുഖർ:

മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ താരാ ചന്ദ് (ചംബ്), കോൺഗ്രസിന്റെ മുലാ റാം (മാർഹ്), മുൻ മന്ത്രിയും നാഷണൽ കോൺഫറൻസ്(എൻ.സി) നേതാവുമായ അജയ് സധോത്ര (ജമ്മു നോർത്ത്),

രാജീവ് ശർമ്മ (ബി.ജെ.പി -ചംബ്), ശിവദേവ് സിംഗ്(സ്വതന്ത്രൻ-ജമ്മു നോർത്ത്, ബൽബീർ സിംഗ്(കോൺഗ്രസ്-ജസ്രോത )

മുൻ മന്ത്രിയും ജെ.കെ.പി.സി നേതവുമായ സജാദ് ഗനി ലോൺ(കുപ്‌വാര, ഹന്ദ്വാര), എൻസിയുടെ മുൻ മന്ത്രി ചൗദ്രി മുഹമ്മദ് റംസാൻ(ഹന്ദ്വാര). എൻസിയുടെ പിർസാദ ഫാറൂഖ് അഹമ്മദ് ഷാ, അപ്നി പാർട്ടിയുടെ ഗുലാം ഹസൻ മിർ((ഗുൽമാർഗ്). ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മുസഫർ ഹുസൈൻ ബെയ്ഗ്(ബാരാമുള്ള).

ഏഴ് ജില്ലകളിലെ പോളിംഗ് :

ബന്ദിപൂർ-63.33%

ബാരാമുള്ള-55.73%

ജമ്മു-66.79%

കത്വ - 70.53%

കുപ്‌വാര-62.76%

സാംബ-72.41%
ഉധംപൂർ-72.91%

ഇരുകൂട്ടർക്കും പ്രതീക്ഷ

40 സീറ്റുകളുള്ള മൂന്നാം ഘട്ടത്തിൽ പോളിംഗ് ശതമാനം കൂടിയത് ബി.ജെ.പിക്കും കോൺഗ്രസ് നേതൃത്വം നൽകുന്ന 'ഇന്ത്യ" മുന്നണിക്കും പ്രതീക്ഷ നൽകുന്നു. 2014ൽ അവിഭക്ത ജമ്മുകാശ്‌മീരിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ മൂന്നാം ഘട്ടത്തിൽ ബി.ജെ.പിയാണ് നേട്ടമുണ്ടാക്കിയത്. ബി.ജെ.പിക്ക് 18ഉം, പി.ഡി.പി ഏഴും നാഷണൽ കോൺഫറൻസ് അഞ്ചും കോൺഗ്രസ്, സ്വതന്ത്രർ, സജാദ് ലോണിന്റെ ജെ.കെ.പി.സി എന്നിവർ രണ്ട് വീതം സീറ്റുകളും നേടി. 2014ൽ പി.ഡി.പി(28സീറ്റ്), ബി.ജെ.പി(25സീറ്റ്) കക്ഷികൾ സർക്കാർ രൂപീകരിച്ചിരുന്നു.