e

ന്യൂഡൽഹി : കുടുംബാംഗത്തിന് കുറ്രകൃത്യത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അവരുടെ വീടുകൾക്ക് നേരെ ബുൾഡോസർ പ്രയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ആവർത്തിച്ച് സുപ്രീംകോടതി. ഇക്കാര്യം ഉറപ്പാക്കാനും അധികാര ദുർവിനിയോഗം അവസാനിപ്പിക്കാനും വിശദമായ മാർഗരേഖയിറക്കും. സമുദായ വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാവ‌ർക്കും ഒരുപോലെ ബാധകമായ നിർദ്ദേശങ്ങളാകും ഇറക്കുകയെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നമ്മുടെ രാജ്യം മതേതര രാഷ്ട്രമാണ്. പൊളിച്ചുനീക്കാൻ തീരുമാനിച്ചാലും പരാതിക്കാർക്ക് നിയമവഴികൾ തേടാൻ 15 ദിവസമെങ്കിലും സമയം അനുവദിക്കുന്നത് ആലോചിക്കും. ഓൺലൈൻ പോർട്ടൽ രൂപീകരിക്കുന്നതും പരിഗണിക്കും. അതേസമയം,പൊതുയിടങ്ങളിലെ കൈയേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും സംരക്ഷിക്കില്ല. ഏത് മത വിഭാഗത്തിന്റെ ആരാധനാലയമാണെങ്കിലും പൊതുവഴി തടസപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേർത്തു. പല സംസ്ഥാനങ്ങളിലെയും ബുൾഡോസർ രാജ് ചോദ്യചെയ്‌ത ഒരുകൂട്ടം ഹർജികളാണ് കോടതി പരിഗണിച്ചത്. വാദമുഖങ്ങൾ പൂർത്തിയായതിനെ തുടർന്ന് ഹർജികൾ വിധി പറയാൻ മാറ്റി. രാജ്യത്ത് ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിച്ചുനീക്കലുകൾ വിലക്കി സെപ്‌തംബ‌ർ 17ന് കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു.