
ന്യൂഡൽഹി: ഗാന്ധി ജയന്തിദിനമായിരുന്ന ഇന്നലെ കേന്ദ്രസർക്കാരിന്റെ 'സ്വച്ഛ് ഭാരത് മിഷന്" പത്ത് വർഷം തികഞ്ഞു. ഇതിന്റെ ഭാഗമായി 10,000 കോടിയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. സ്വച്ഛ് ഭാരത്, അമൃത് 2.0 മിഷനുകളുടെ ഭാഗമായി രാജ്യമൊട്ടാകെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ അടക്കം നിർമ്മിക്കുകയാണ് ലക്ഷ്യം. 2014 ഒക്ടോബർ രണ്ടിനാണ് സ്വച്ഛ് ഭാരത് മിഷൻ ആരംഭിച്ചത്. പദ്ധതി സമൃദ്ധിയുടെ പുതിയ പാതയായി മാറുകയാണെന്ന് ഇന്നലെ ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ മോദി പറഞ്ഞു. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനത്തെ ജനം വിജയത്തിലെത്തിച്ചു. പൊതുജനാരോഗ്യത്തിൽ മികച്ച മാറ്റങ്ങളുണ്ടാക്കി. 1000 വർഷം കഴിഞ്ഞാലും പദ്ധതിയെ കുറിച്ച് ജനം ഓർമ്മിക്കും. അടിസ്ഥാന ശുചീകരണ പ്രവർത്തനങ്ങൾ പോലും മുൻസർക്കാരുകൾ നടത്തിയില്ലെന്നും മോദി കുറ്റപ്പെടുത്തി. ജനസംഖ്യയിലെ 60 ശതമാനത്തിന് തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തേണ്ട അവസ്ഥയായിരുന്നു. സ്ത്രീകൾ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. ദളിതരെയും പിന്നാക്ക - ഗോത്രവർഗ വിഭാഗങ്ങളെയും അപമാനിക്കുന്ന സാഹചര്യമായിരുന്നു. ടോയ്‌ലെറ്റുകളുടെ നിർമ്മാണം അടക്കം ഈ സാഹചര്യത്തിന് മാറ്റമുണ്ടാക്കിയെന്ന് മോദി പറഞ്ഞു. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്, ആത്മീയനേതാവ് ശ്രീ ശ്രീ രവിശങ്കർ, വ്യവസായി രത്തൻ ടാറ്റ, വേൾഡ് ബാങ്ക് പ്രസിഡന്റ് അജയ് ബാങ്ക, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്റോസ് അദാനോം ഗെബ്രേയേസിസ് എന്നിവർ പദ്ധതിയെ പ്രകീർത്തിച്ചു.
ചൂലെടുത്ത് മോദി
ഇന്നലെ രാവിലെ ഡൽഹിയിൽ നവ് യുഗ് സ്കൂളിലെത്തിയ മോദി വിദ്യാർത്ഥികൾക്കൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. അവിടെ യോഗാ സെക്ഷനിലും പങ്കെടുത്തു. സ്വച്ഛ് ഭാരത് ക്യാമ്പയിൻ മാത്രമല്ലെന്നും ജീവിതത്തിന്റെ ഭാഗമാണെന്നും മോദി കുട്ടികളോട് പറഞ്ഞുയ ശുചീകരണപ്രവർത്തനങ്ങളിൽ കുട്ടികൾ മുന്നിട്ടിറങ്ങണമെന്നും ആഹ്വാനം ചെയ്തു.
ഇതിന്റെ ചിത്രങ്ങൾ എക്‌സ് അക്കൗണ്ടിൽ പങ്കിട്ടു. സ്വച്ഛ് ഭാരത് മിഷനെ ശക്തിപ്പെടുത്താൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് മോദി ആഹ്വാനം ചെയ്‌തു.