arti-sarin

ന്യൂഡൽഹി : സായുധസേനാ മെഡിക്കൽ സർവീസസ് ഡയറക്‌ടർ ജനറലായി സ‌ർജൻ വൈസ് അഡ്മിറൽ ഡോ. ആർതി സരിൻ ചുമതലയേറ്റു. ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്. സായുധസേനയിലെ മെഡിക്കൽ നയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടപ്പാക്കാനുള്ള ഉത്തരവാദിത്വം മെഡിക്കൽ സർവീസസ് ഡയറക്‌ടർ ജനറലിനാണ്. നാവിക - വ്യോമസേനാ സേനകളിലെ മെ‌ഡിക്കൽ സർവീസസ് ഡയറക്‌ടർ ജനറൽ, ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് ഡയറക്‌ടർ എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1985ലാണ് ആർതി സരിൻ സായുധസേനാ മെഡിക്കൽ സർവീസിൽ ജോയിൻ ചെയ്‌തത്. അതിവിശിഷ്‌ട സേവാ മെഡൽ, വിശിഷ്‌ട സേവാ മെഡൽ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ ജൂനിയർ ഡോക്‌ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതി മെഡിക്കൽ പ്രൊഫഷണലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ദേശീയ ദൗത്യസേന രൂപീകരിച്ചിരുന്നു. ഇതിന്റെ അദ്ധ്യക്ഷയായി ഡോ. ആർതി സരിനെയാണ് കോടതി തിരഞ്ഞെടുത്തത്.