ഹൈക്കോടതി വിധിക്കുള്ള സ്റ്റേ തുടരും
ന്യൂഡൽഹി: കൊല്ലം എസ്.എൻ.കോളേജ് സുവർണ ജൂബിലി ഫണ്ട് തിരിമറിക്കേസിലെ വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. അപ്പീലിൽ വിശദമായ വാദം കേൾക്കും.
വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നും, കേസിൽ തുടരന്വേഷണം കഴിയില്ലെന്നുമുളള ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ മേയ് 18ന് സുപ്രീംകോടതി സ്റ്റേ ചെയ്‌തിരുന്നു.സ്റ്റേ തുടരുമെന്ന് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ വ്യക്തമാക്കി. വെളളാപ്പളളി നടേശന് വേണ്ടി അഭിഭാഷകരായ വി. ഗിരി, റോയ് എബ്രഹാം എന്നിവരും, എതിർകക്ഷിയും എസ്.എൻ ട്രസ്റ്റ് ബോർഡ് മുൻ അംഗവുമായ പി. സുരേന്ദ്രബാബുവിന് വേണ്ടി അഭിഭാഷകരായ ആർ.ബസന്ത്,അഡ്വ. ജി. പ്രകാശ് എന്നിവരും ഹാജരായി.
കേസിൽ തുടരന്വേഷണത്തിന് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. ഈനടപടി ഹൈക്കോടതി റദ്ദാക്കിയതിനെ വെളളാപ്പളളിയുടെ ഹർജിയിൽ ചോദ്യം ചെയ്യുന്നു. തുടരന്വേഷണത്തിന് യോഗ്യമായ കേസാണെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് അന്വേഷണ ഉദ്യോഗസ്ഥൻ അതിനായി അനുമതി തേടിയതും, മജിസ്ട്രേട്ട് കോടതി അംഗീകരിച്ചതും. ഇക്കാര്യത്തിലെ ഹൈക്കോടതി ഇടപെടലിന് ന്യായീകരണമില്ല. എസ്.എൻ. ട്രസ്റ്റ് മാനേജ്മെന്റിന് കീഴിലാണ് കൊല്ലം എസ്.എൻ.കോളേജ്. സുവർണ ജൂബിലി ആഘോഷ കമ്മിറ്രി സ്വരൂപിച്ച 20 ലക്ഷം രൂപ, ട്രസ്റ്രിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നുവെന്നും വെളളാപ്പളളി സുപ്രീംകോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.