
ന്യൂഡൽഹി: ഹരിയാനയിൽ 90 അംഗ നിയമസഭയിലേക്ക് ഇന്ന് വോട്ടെടുപ്പ്. രണ്ട് കോടിയിലധികം വോട്ടർമാർ 1031 സ്ഥാനാർത്ഥികളുടെ വിധി നിശ്‌ചയിക്കും.
രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ്.
ജമ്മു കാശ്‌മീരിനൊപ്പം ഒക്‌ടോബർ എട്ടിനാണ് വോട്ടെണ്ണൽ.
ഹാട്രിക് ജയത്തിനായി ബി.ജെ.പിയും പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണം പിടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസും തമ്മിലാണ് പ്രധാന പോര്. ആംആദ്‌മി പാർട്ടിയും ഐ.എൻ.എൽ.ഡി - ബി.എസ്.പി, ജെ.ജെ.പി - എ.എസ്.പി (കാൻഷി റാം) തുടങ്ങിയ സഖ്യങ്ങളും 20 സീറ്റുകളിൽ ഫലത്തെ സ്വാധീനിക്കും. 27% ജാട്ട് വോട്ടർമാർ 40 സീറ്റുകളിൽ നിർണായകം.
2019ൽ, 40 സീറ്റിൽ ജയിച്ച ബി.ജെപി, പത്തംഗ ജെ.ജെ.പിയുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം വേർപിരിഞ്ഞു.
പ്രധാന സ്ഥാനാർത്ഥികൾ:
ബി.ജെ.പി നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ നയാബ് സിംഗ് സൈനി കുരുക്ഷേത്ര ജില്ലയിലെ ലദ്‌വയിൽ.
മുതിർന്ന കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡ റോഹ്‌തക് ജില്ലയിലെ ഗാർഹി സാംപ്ല-കിലോയിൽ.
ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐ.എൻ.എൽ.ഡി) ജനറൽ സെക്രട്ടറി അഭയ് സിംഗ് ചൗട്ടാല സിർസ ജില്ലയിലെ എല്ലനാബാദിൽ.
 ജനനായക് ജനതാ പാർട്ടി (ജെ.ജെ.പി) നേതാവ് ദുഷ്യന്ത് ചൗട്ടാല
ജിന്ദ് ജില്ലയിലെ ഉച്ചന കലനിൽ.
 വിനേഷ് ഫോഗട്ട് - പാരീസ് ഒളിമ്പിക്‌സിൽ മെഡൽ നഷ്‌ടമായ വനിതാ ഗുസ്‌തിതാരം. കോൺഗ്രസ് ബാനറിൽ ജിന്ദ് ജില്ലയിലെ ജുലാനയിൽ.
 ബി.ജെ.പിയുടെ പ്രമുഖ ജാട്ട് നേതാവും മുൻ സൈനിക ഉദ്യോഗസ്ഥനും വ്യവസായിയുമായ അഭിമന്യു. ഹിസാർ ജില്ലയിലെ നർനൗണ്ടിൽ.
ഒ.പി ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്സൺ സാവിത്രി ജിൻഡാൽ ഹിസാറിൽ സ്വതന്ത്ര സ്ഥാനാർത്ഥി. രണ്ടാമത്തെ സമ്പന്ന സ്ഥാനാർത്ഥി.