j

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി റദ്ദാക്കിയ ഭരണഘടനാ ബെഞ്ച് വിധി പുനഃപരിശോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജെ.ബി. പരിദ്‌വാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് അഭിഭാഷകൻ മാത്യൂസ് നെടുമ്പാറ അടക്കം സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ തള്ളിയത്. 2013 ലെ സുപ്രീംകോടതി ചട്ടങ്ങൾ പ്രകാരം വിധി പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹർജികൾ തുറന്ന കോടതിയിൽ കേൾക്കണമെന്ന ആവശ്യവും തള്ളി. ധനകാര്യ നിയമം, ജനപ്രാതിനിധ്യ നിയമം, കമ്പനി നിയമം, ആദായനികുതി നിയമം എന്നിവയിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ നടപ്പാക്കിയ തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി ഫെബ്രുവരി 15നാണ് സുപ്രീം കോടതി റദ്ദാക്കിയത്. രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിന്റെ ഉറവിടം അറിയാനുള്ള മൗലികാവകാശം വോട്ടർക്ക് ഉണ്ടെന്നും പദ്ധതി ആ അവകാശം ലംഘിക്കുന്നതായും കോടതി നിരീക്ഷിച്ചു.