
ന്യൂഡൽഹി: മാലദ്വീപിന് സാമ്പത്തിക സഹായവും വികസന പിന്തുണയും ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനുമുള്ള നടപടികളും ഉറപ്പാക്കി ഇന്ത്യ. ആറു ദിവസത്തെ സന്ദർശനത്തിനെത്തിയ മാലദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൽഹി ഹൈദരാബാദ് ഹൗസിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണിത്.
മാലദ്വീപിന് കറൻസി സ്വാപ്പിംഗിന് 40 കോടി യു.എസ് ഡോളറും അധിക സഹായമായി 3000 കോടി രൂപയും ഇന്ത്യ നൽകും. വിദേശനാണ്യ കരുതൽ ഇല്ലാതെ പ്രതിസന്ധി പരിഹരിക്കാൻ വായ്പയുടെ മുതലും പലിശയും വ്യത്യസ്ത കറൻസികളിൽ കൈമാറ്റം ചെയ്യുന്ന സാമ്പത്തിക കരാറാണിത്.
മാലദ്വീപിൽ ഇന്ത്യൻ റുപേ കാർഡിന്റെ ഉദ്ഘാടനവും നിർവഹിച്ചു. മാലിയിലെ ഹാ ധാലു അറ്റോൾ ഹനിമാധൂ വിമാനത്താവളത്തിലെ റൺവേ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്‌തു. 28 മാലദ്വീപുകളിലായി 30,000ത്തോളം പേർക്കായി ഇന്ത്യ നിർമ്മിച്ച 700 വീടുകൾ കൈമാറി.
കടൽക്കൊള്ള, ലഹരിമരുന്ന് കള്ളക്കടത്ത്, ഭീകരത തുടങ്ങിയവ കണക്കിലെടുത്ത് ഇന്ത്യാസമുദ്ര മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനും ധാരണയിലെത്തി. മത്സ്യബന്ധന മേഖലയിലും സഹകരിക്കും. ഇത്തരം സഹായങ്ങൾ ഉറപ്പാക്കുന്നതിലൂടെ മാലദ്വീപിന്റെ ചൈന അനുകൂല നിലപാടിൽ മാറ്റംവരുത്തുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ബംഗളൂരുവിൽ കോൺസുലേറ്റ്
ബംഗളൂരുവിൽ മാലദ്വീപ് കോൺസുലേറ്റിനും മാലിയിലെ അദ്ദുവിൽ ഇന്ത്യൻ കോൺസുലേറ്റിലും ധാരണ. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ കൂടുതൽ വ്യോമ, സമുദ്ര കണക്‌റ്റിവിറ്റി. മാലദ്വീപിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നൈപുണ്യ കേന്ദ്രങ്ങൾ, മികവിന്റെ കേന്ദ്രങ്ങൾക്ക് സഹായം. മാലദ്വീപ് നാഷണൽ യൂണിവേഴ്‌സിറ്റിയിൽ ഐ.സി.സി.ആർ ചെയർ. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഭവനങ്ങൾ, ആശുപത്രികൾ, റോഡ്, കായിക സൗകര്യങ്ങൾ, സ്‌കൂളുകൾ, അഴുക്കുചാൽ പദ്ധതി, ജലം തുടങ്ങി മേഖലകളിൽ ഇന്ത്യയുടെ സഹായം. ദ്വീപിൽ ഭവന നിർമ്മാണത്തിന് സഹായം.
കാർഷിക, ടൂറിസം
മേഖലകളിൽ സഹകരണം
കാർഷിക, ടൂറിസം, മത്സ്യ സംസ്‌കരണ മേഖലകളിലും സഹകരണം
ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ദ്വീപിൽ കുറഞ്ഞ വിലയിൽ മരുന്നുകൾ
മാലദ്വീപ് സായുധസേനയുടെ കീഴിലുള്ള 'ഏക്‌താ' തുറമുഖ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും
മാലദ്വീപിന്റെ തീരസംരക്ഷണസേനാ കപ്പലായ 'ഹുറാവി' ഇന്ത്യ സൗജന്യമായി പുനർനിർമിക്കും
''മാലദ്വീപിന്റെ വികസന യാത്രയിൽ സഹായിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധം
-പ്രധാനമന്ത്രി നരേന്ദ്രമോദി
''ഇന്ത്യയുടെ സഹായം മാലദ്വീപിന്റെ സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ സഹായിക്കും
-ഡോ. മുഹമ്മദ് മുയിസു,
മാലദ്വീപ് പ്രസിഡന്റ്