atishi-

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിപ്പിച്ചതിനെച്ചൊല്ലിയുള്ള ആം ആദ്മി പാർട്ടി- ബി.ജെ.പി രാഷ്ട്രീയപ്പോര് കടുത്തു. ബി.ജെ.പിക്ക് വസതി ആവശ്യമാണെങ്കിൽ അത് ഉപയോഗിച്ചോളു എന്നും ആം ആദ്മി നേതാക്കൾ ജീവിക്കുന്നത് ജനഹൃദയത്തിലാണെന്നും അതിഷി ഇന്നലെ പ്രതികരിച്ചു. മുഖ്യമന്ത്രി പദം കിട്ടാത്തതിന്റെ വിഷമമാണ് ബി.ജെ.പിക്ക്. ഒന്നിന് പിറകെ ഒന്നായി കുതന്ത്രങ്ങൾ പയറ്റുന്നു. മുഖ്യമന്ത്രിയുടെ വസതി പിടിച്ചെടുത്താൽ സമാധാനമാകുമെങ്കിൽ അങ്ങനെ ചെയ്‌തോളു എന്നും അതിഷി പറഞ്ഞു. അതേസമയം, മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വസതി പൂർണമായി ഒഴിഞ്ഞിട്ടില്ലെന്ന് ബി.ജെ.പി തിരിച്ചടിച്ചു. അദ്ദേഹത്തിന്റെ വീട്ടുസാധനങ്ങൾ ഇപ്പോഴും അവിടെയുണ്ട്. താക്കോൽ കൈമാറിയാൽ മാത്രമേ പുതിയ ആൾക്ക് അനുവദിക്കാൻ കഴിയുകയുള്ളു എന്നും പറഞ്ഞു. അതിഷി മന്ത്രിയായിരിക്കെ മഥുര റോഡിൽ ഔദ്യോഗിക വസതി അനുവദിച്ചിരുന്നുവെന്നും രണ്ടാമതൊരു വസതി കൂടി എങ്ങനെ നൽകുമെന്നുമുള്ള നിലപാടിലാണ് ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ വിഷയം സജീവമാക്കി നിറുത്തുകയാണ് ഇരുപാർട്ടികളും. സിവിൽ ലൈൻസിലെ 6, ഫ്ലാഗ്സ്റ്റാഫ് റോഡിലെ ഔദ്യോഗിക വസതി ബുധനാഴ്ചയാണ് പൊതുമരാമത്ത് വകുപ്പ് ഒഴിപ്പിച്ചത്. അനുമതിയില്ലാതെ മുഖ്യമന്ത്രി അതിഷി താമസം ആരംഭിച്ചെന്നായിരുന്നു വിശദീകരണം.


 ചിത്രം പങ്കിട്ട് ആംആദ്മി

നടപടിയെ തുടർന്ന് കൽക്കാജിയിലെ സ്വന്തം വീട്ടിലേക്ക് അതിഷി മാറി. മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് ഒഴിപ്പിച്ച വീട്ടുസാമഗ്രികൾക്ക് സമീപമിരുന്ന് ഔദ്യോഗിക ഫയലുകൾ നോക്കുന്ന അതിഷിയുടെ ചിത്രം ആം ആദ്മി പാർട്ടി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കിട്ടു.

ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയുടെ നിർദ്ദേശപ്രകാരമാണ് മുഖ്യമന്ത്രിയുടെ വീട്ടുസാമഗ്രികൾ വലിച്ചെറിഞ്ഞത്. തിരഞ്ഞെടുത്ത വനിതാ മുഖ്യമന്ത്രിയോടും ഡൽഹി നിവാസികളോടുമുള്ള കടുത്ത അനാദരവാണിത്.

-സഞ്ജയ് സിംഗ്

ആംആദ്മി നേതാവ്,​ രാജ്യസഭാ എം.പി