pdp

ന്യൂഡൽഹി: പത്തുവർഷം മുൻപ് ഏറ്റവും വലിയ കക്ഷിയായിരുന്ന (28 സീറ്റ്) പി.ഡി.പിക്ക് വൻ തിരിച്ചടിയാണ് ഇക്കുറിയുണ്ടായത്. മൂന്നു സീറ്റിലൊതുങ്ങിയ പാർട്ടി നാഷണൽ കോൺഫറൻസ് സർക്കാരിൽ ചേർന്നേക്കും.

2014ൽ ബി.ജെ.പിയുമായി ചേർന്ന് സർക്കാരുണ്ടാക്കിയത് പാർട്ടിയുടെ പ്രതിച്ഛായ ഇടിച്ചെന്ന് വ്യക്തം. 2016ൽ ഹിസ്ബുൾ മുജാഹിദ്ദീന്റെ ബുർഹാൻ വാനി കൊല്ലപ്പെട്ടത് അടക്കം സംഭവങ്ങളും വോട്ട്ബാങ്കിൽ വിള്ളലുണ്ടാക്കി. പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി പാർട്ടിയുടെ ശക്തികേന്ദ്രമായ ബിജ്ബെഹാരയിൽ തോറ്റു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനന്ത്‌നാഗ്-രജൗരി ലോക്‌സഭാ സീറ്റിൽ മത്സരിച്ച മെഹബൂബയും തോറ്റിരുന്നു.

ദക്ഷിണ കശ്മീരിൽ അടക്കം ജമാഅത്തെ ഇസ്‌ലാമി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥികളിൽ നിന്ന് പി.ഡി.പിക്ക് കടുത്ത മത്സരം നേരിട്ടു. 2019ൽ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു.