film-awards
മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം സ്വീകരിച്ച ശ്രീപദ് പി.കെ, അച്ഛൻ രെജീഷ് പി.കെ, അമ്മ രസ്‌ന എന്നിവർക്കൊപ്പം

ന്യൂഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മു‌ർമു ഇന്നലെ വിതരണം ചെയ്‌തപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിലൊന്ന് മലയാളത്തിന്റെ സ്വന്തം ശ്രീപദായിരുന്നു. മാളികപ്പുറത്തിലെ അഭിനയത്തിന് മികച്ച ബാലതാരമായി തിരഞ്ഞെടുത്ത ശ്രീപദ് പി.കെ വേദിയിലെത്തിയപ്പോൾ അവതാരകർ ആ സസ്‌പെൻസ് പുറത്തുവിട്ടു.

ശ്രീപദിന്റെ പിറന്നാളായിരുന്നു ഇന്നലെ. ഇതോടെ രാഷ്ട്രപതിയുൾപ്പെടെ വേദിയിലുള്ളവരും, സദസിലുള്ളവ‌രും കൊച്ചു മിടുക്കന് ഹാപ്പി ബെർത്ത്ഡേ നേർന്നു. നിറഞ്ഞ കൈയടി ഉയർന്നു. തന്റെ പ്രസംഗത്തിനിടെയും ശ്രീപദിന്റെ പുരസ്‌കാര നേട്ടത്തെ രാഷ്ട്രപതി പ്രകീർത്തിച്ചു. അദ്ധ്യാപകരായ അച്ഛൻ രെജീഷ് പി.കെ, അമ്മ രസ്‌ന എന്നിവർക്കൊപ്പമാണ് കുട്ടിതാരം ഡൽഹിയിലെത്തിയത്. കണ്ണൂർ പയ്യന്നൂരാണ് സ്വദേശം.