d

ന്യൂഡൽഹി: ലഡാക്കിന് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം നടത്താൻ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുകിന് ജന്തർ മന്ദറിൽ അനുമതി നൽകണമോയെന്നതിൽ ഡൽഹി പൊലീസിന്റെ നിലപാട് തേടി ഡൽഹി ഹൈക്കോടതി. ഒക്‌ടോബർ 16നകം നിലപാട് അറിയിക്കാൻ നിർദ്ദേശിച്ച് നോട്ടീസ് അയച്ചു. ജസ്റ്രിസുമാരായ പ്രതിബ എം. സിംഗ്,​ അമിത് ശർമ്മ എന്നിവരടങ്ങിയ ‌ഡിവിഷൻ ബെഞ്ച് ഡൽഹി സർക്കാരിന്റെയും നിലപാട് തേടി. അപ്പെക്‌സ് ബോഡി ലേ സംഘടന സമർപ്പിച്ച ഹർജി 22ന് വീണ്ടും പരിഗണിക്കും. ഡൽഹിയിലെ ലഡാക്ക് ഭവനു മുന്നിൽ ഇപ്പോൾ അനിശ്ചിതകാല നിരാഹാര സമരമിരിക്കുകയാണ് വാങ്‌ചുകും അനുയായികളും.

സെപ്‌തംബ‌ർ ഒന്നിന് സോനം വാങ്‌ചുകും 200ൽപ്പരം ലഡാക്ക് സ്വദേശികളും ലേയിൽ നിന്ന് ഡൽഹിക്ക് കാൽനടയാത്ര പുറപ്പെട്ടിരുന്നു. സെപ്‌തംബർ 30ന് രാത്രിയിൽ 'ഡൽഹി ചലോ" പദയാത്രയെ ഹരിയാന - ഡൽഹി അതി‌ർത്തിയായ സിംഗുവിൽ പൊലീസ് തടഞ്ഞു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. വലിയ പ്രതിഷേധമുയർന്നതോടെ മോചിപ്പിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ രാത്രി അദ്ദേഹം രാജ്ഘട്ട് സന്ദ‍ർശിച്ചു. വൻ പൊലീസ് സന്നാഹമാണ് അന്ന് മേഖലയിൽ ഏർപ്പെടുത്തിയത്.