e

ന്യൂഡൽഹി: യു.എസിൽ നിന്ന് 31 അത്യാധുനിക പ്രിഡേറ്റർ ഡ്രോണുകൾ. രണ്ട് ആണവ മുങ്ങിക്കപ്പലുകളുടെ നിർമ്മാണം. സായുധ സേനയ്ക്ക് കൂടുതൽ കരുത്തുപകരുന്ന 80,000 കോടിയുടെ ഇടപാടുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ പ്രതിരോധ മന്ത്രിതല സമിതി അംഗീകാരം നൽകി.

ജനറൽ അറ്റോമിക്സിൽ നിന്നാണ് 31 പ്രിഡേറ്റർ മിസൈൽ ഫയറിംഗ് എം.ക്യൂ -9ബി ഡ്രോണുകൾ വാങ്ങുന്നത്. 2023 ജൂണിൽ പ്രധാനമന്ത്രിയുടെ യു.എസ് സന്ദർശന വേളയിൽ പ്രഖ്യാപിച്ച ഡ്രോൺ കരാർ ഈമാസം 31ന് മുമ്പ് നടപ്പാക്കേണ്ടതുണ്ട്. കരാർ ഒപ്പിട്ട് നാല് വർഷത്തിനുള്ളിൽ ഡ്രോണുകളുടെ വിതരണം ആരംഭിക്കും.

31 ഡ്രോണുകളിൽ നാവികസേനയ്ക്ക് പതിനഞ്ചും കരസേനയ്ക്കും വ്യോമസേനയ്ക്കും എട്ട് വീതവും ലഭിക്കും. കരസേനയും വ്യോമസേനയും ഉത്തർപ്രദേശിലെ രണ്ട് താവളങ്ങളിലും നാവികസേന യുദ്ധക്കപ്പലായ ഐ.എൻ.എസ് രാജാലിയിലും സൂക്ഷിക്കും. പാട്ടത്തിനെടുത്ത പ്രിഡേറ്ററുകൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.

മുങ്ങിക്കപ്പൽ നിർമ്മാണം

വിശാഖപട്ടണത്ത്

വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിംഗ് സെന്ററിൽ 45,000 കോടി ചെലവിലാണ് രണ്ട് ആണവ അന്തർവാഹിനികൾ നിർമ്മിക്കുക. ലാർസൻ ആൻഡ് ടൂബ്രോ അടക്കം സ്വകാര്യസ്ഥാപനങ്ങളുടെ പങ്കാളിത്തമുണ്ടാകും.

ഉന്നം തെറ്റാത്ത

വേട്ടക്കാരൻ

 ലോകത്തെ ഏറ്റവും മാരകമായ ഡ്രോണാണ് പ്രിഡേറ്റർ

 സമുദ്ര, ആകാശ നിരീക്ഷണം തുടങ്ങി വിവിധ റോളുകൾ

 ഏതു കാലാവസ്ഥയിലും രാവും പകലും ഉപയോഗിക്കാം

 തണുത്തുറഞ്ഞ ചൈനീസ് അതിർത്തിയിൽ മുതൽക്കൂട്ട്

 കടലിൽ ചൈനീസ് ചാരക്കപ്പലുകളെയും നിരീക്ഷിക്കും

 50000 അടി ഉയരത്തിലും 240 നോട്ടിക്കൽ മൈലിലും പറക്കും

 പേ ലോഡ് കപ്പാസിറ്റി പരമാവധി 1,746 കിലോഗ്രാം