g

ന്യൂഡൽഹി: ഏഷ്യയുടെ ഭാവിക്കായി ഇന്ത്യ-ആസിയാൻ ബന്ധം നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആസിയാൻ ഐക്യത്തിനും ഇന്തോ-പസഫിക്കിലെ സഹകരണത്തിനും പിന്തുണ പ്രഖ്യാപിച്ചു. ലാവോസിലെ വിയന്റിയനിൽ 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ- ആസിയാൻ സമഗ്ര പങ്കാളിത്തം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പത്തിന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.

ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയം ആസിയാൻ സഹകരണവുമായി ഒത്തു പോകുന്നതാണെന്ന് മോദി പറഞ്ഞു. ആസിയാൻ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര നിക്ഷേപ പങ്കാളിയാണ്. പത്ത് വർഷത്തിനുള്ളിൽ ഇന്ത്യ-ആസിയാൻ വ്യാപാരം 130 ബില്യൺ ഡോളറായി. ഏഴ് ആസിയാൻ രാജ്യങ്ങളുമായി നേരിട്ട് വിമാന ബന്ധം സ്ഥാപിച്ചു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ആസിയാൻ-ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത പ്രസ്താവന നേതാക്കൾ അംഗീകരിച്ചു. ഇന്ത്യയുടെ പുതിയ കൺട്രി കോർഡിനേറ്ററായി ഫിലിപ്പീൻസിനെ നിശ്‌ചയിച്ചു. മൂന്ന് വർഷമായി കൺട്രി കോർഡിനേറ്ററായി പ്രവർത്തിക്കുന്ന സിംഗപ്പൂരിന് മോദി നന്ദി പറഞ്ഞു. മോദി പങ്കെടുക്കുന്ന 11-ാമത് ആസിയാൻ ഉച്ചകോടിയാണിത്.

ആസിയാൻ-ഇന്ത്യ ടൂറിസം വർഷം

മോദിയുടെ പത്തിന പരിപാടി:

1) 2025 ആസിയാൻ-ഇന്ത്യ ടൂറിസം വർഷം.

2) യുവജന സമ്മേളനം, സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ, ഹാക്കത്തോൺ, മ്യൂസിക് ഫെസ്റ്റിവൽ, ബുദ്ധിജീവികളുടെ നെറ്റ്‌വർക്ക്, , ഡൽഹി ഡയലോഗ് തുടങ്ങി പത്തുവർഷ പരിപാടികൾ

3) ആസിയാൻ-ഇന്ത്യ ശാസ്ത്ര സാങ്കേതിക വികസന ഫണ്ടിന് കീഴിൽ ആസിയാൻ-ഇന്ത്യ വനിതാ ശാസ്ത്രജ്ഞരുടെ കോൺക്ലേവ്

4) ആസിയാൻ വിദ്യാർത്ഥികൾക്ക് നളന്ദ സർവകലാശാലയിൽ സ്കോളർപ്പിഷ് ഇരട്ടിയാക്കും, കാർഷിക സർവകലാശാലകളിൽ സ്കോളർഷിപ്പുകൾ

5) 2025ഓടെ ആസിയാൻ-ഇന്ത്യ വ്യാപാര കരാർ അവലോകനം

6) ദുരന്ത പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ 5 ദശലക്ഷം യു.എസ് ഡോളർ.

7) ആരോഗ്യ- പ്രതിരോധശേഷിക്കായി ആരോഗ്യ മന്ത്രിമാർക്കിടയിൽ സഹകരണം

8) ഡിജിറ്റൽ-സൈബർ പ്രതിരോധം ശക്തിപ്പെടുത്താൻ സൈബർ നയ സംഭാഷണം

9) ഗ്രീൻ ഹൈഡ്രജനെക്കുറിച്ച് വർക്ക്ഷോപ്പ്

10) ‘അമ്മയ്ക്കുവേണ്ടി ഒരു മരം നടുക’ പ്രചാരണം ആസിയാൻ രാജ്യങ്ങളിലും

ന്യൂസിലൻഡ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച

മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു.

വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, പുനരുപയോഗ ഊർജ്ജം, വിദ്യാഭ്യാസം, ക്ഷീരവികസനം, അഗ്രി-ടെക്, സ്പോർട്സ്, ടൂറിസം, ബഹിരാകാശം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു.

1