
ന്യൂഡൽഹി : ഹരിയാനയിലെ അപ്രതീക്ഷിത തിരിച്ചടിക്ക് വോട്ടിംഗ് യന്ത്രത്തെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും നേതാക്കളുടെ ഗ്രൂപ്പിസവും വ്യക്തിതാത്പര്യങ്ങളും വിമതശല്യവും കാരണമായെന്നും വിലയിരുത്തി കോൺഗ്രസ് നേതൃത്വം. വസ്‌തുതാന്വേഷണ സമിതി രൂപീകരിച്ചു തോൽവി പഠിക്കും.
തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ നടന്ന ഉന്നതതലയോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹരിയാനയിലെ നേതാക്കളെ രൂക്ഷമായി വിമർശിച്ചു. ചർച്ച വോട്ടിംഗ് യന്ത്രത്തിൽ കേന്ദ്രീകരിച്ചപ്പോഴാണ് രാഹുൽ ഗാന്ധി ഇടപെട്ടത്. കോൺഗ്രസിന് അവിടെ ജയിക്കാവുന്ന സാഹചര്യമായിരുന്നു. പാർട്ടിയെ കുറിച്ച് ചിന്തിക്കാതെ നേതാക്കൾ പരസ്‌പരം പോരടിച്ചു. ക്ഷുഭിതനായ രാഹുൽ യോഗത്തിൽ നിന്ന് ഇറങ്ങിപോയെന്നും സൂചനയുണ്ട്.
12ൽപ്പരം സീറ്റുകളിൽ വിമതശല്യം തിരിച്ചടിയായെന്ന് നേതൃത്വം വിലയിരുത്തി. ഇ.വി.എമ്മുമായി ബന്ധപ്പെട്ട ആശങ്കകളും ചർച്ച ചെയ്‌തു. വോട്ടിംഗ് ദിനത്തിൽ എന്തു സംഭവിച്ചെന്നതിൽ വിശദമായ റിപ്പോർട്ട് രാഹുൽ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹരിയാനയിലെ നേതാക്കളില്ല
ഹൈക്കമാൻഡ് മുന്നറിയിപ്പ് നൽകിയിട്ടും ഹരിയാനയിലെ മുതിർന്ന നേതാക്കളിൽ നിന്ന് വിഭാഗീയ പ്രവർത്തനങ്ങളുണ്ടായെന്ന് വിമർശനമുയർന്നു. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡയും കുമാരി സെൽജയും തമ്മിൽ തർക്കം നിലനിൽക്കുമ്പോഴാണിത്. ഹൂഡയും കുമാരി സെൽജയും രൺദീപ് സിംഗ് സുർജെവാലയും യോഗത്തിനെത്തിയില്ല. മൂവരെയും ക്ഷണിച്ചില്ലെന്നാണ് സൂചന. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ട്രഷറർ അജയ് മാക്കൻ, നിരീക്ഷകനായ രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. പരാജയത്തിന്റെ കാരണക്കാരെ കണ്ടെത്തണമെന്ന ഉറച്ച നിലപാടിലാണ് രാഹുൽ. വിഭാഗീയ പ്രവർത്തനം നടത്തിയവർക്കെതിരെ നടപടിയുണ്ടായേക്കും.