cpi

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ബസ്‌തറിൽ മാവോയിസ്റ്റുകളെന്ന പേരിൽ 31 പേരെ സുരക്ഷാസേനയും പൊലീസും കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലാണെന്നും അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ നേതാവും എംപിയുമായ പി. സന്തോഷ് കുമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചു.

മാവോയിസ്റ്റുകളെ അംഗീകരിക്കാനാവില്ലെങ്കിലും കൊല്ലപ്പെട്ടവർക്ക് മാവോയിസ്റ്റ് ബന്ധമില്ല. മാവോയിസ്റ്റ് ഒാപ്പറേഷൻ എന്ന പേരിൽ കോർപറേറ്റ് സ്ഥാപനങ്ങൾ ആദിവാസികളിൽ നിന്ന് പ്രകൃതി വിഭവങ്ങൾ പിടിച്ചെടുക്കുകയാണ്. മേഖലയിൽ വ്യാജ ഏറ്റുമുട്ടലുകൾ പതിവാണ്. ഗ്രാമീണരും ആദിവാസികളും ദുരിതത്തിലാണ്. ഇടത് തീവ്രവാദം ഉന്മൂലനം ചെയ്യാൻ സർക്കാർ ചെയ്യേണ്ടത് സാമൂഹികമായും സാമ്പത്തികമായയും പിന്നാക്കം നിൽക്കുന്നവരുടെ വികസനം ഉറപ്പാക്കലാണ്.

ഏറ്റുമുട്ടലുകളിൽ ഉന്നതതല അന്വേഷണം വേണം. ബസ്തറിലെ അക്രമങ്ങൾക്കു പിന്നിലെ സത്യം ജനങ്ങൾ അറിയണം. ആദിവാസികളുടെയും സാധാരണക്കാരുടെയും ആശങ്കകൾ പരിഹരിക്കണം. പ്രദേശത്ത് വികസനം ഉറപ്പാക്കി, കോർപ്പറേറ്റുകൾ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നത് തടയണമെന്നും സന്തോഷ് കുമാർ ആവശ്യപ്പെട്ടു.