e

ന്യൂഡൽഹി: ലെബനൻ അതിർത്തിയിലെ ബ്ളൂലൈനിൽ യു.എൻ സമാധാന സേനയ്ക്കുനേരെ ഇസ്രയേൽ നടത്തിയ അക്രമണത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. യു.എൻ ഇടക്കാല സേനയുടെ (യുണിഫിൽ) നഖൗറയിലെ ആസ്ഥാനത്തുള്ള നിരീക്ഷണ ടവറിലേക്ക് ഇസ്രായേൽ സേന നടത്തിയ വെടിവയ്പ്പിൽ രണ്ട് യു.എൻ സേനാംഗങ്ങൾക്ക് പരിക്കേറ്റിരുന്നു. യുഎൻ സേനയിൽ നിരവധി ഇന്ത്യൻ സമാധാന സേനാംഗങ്ങളും ഉൾപ്പെടുന്നു. ഇവർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.

ബ്ലൂ ലൈനിലെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. യു.എൻ സമാധാന സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളണം. യു.എൻ പരിസരത്ത് അക്രമം ഒഴിവാക്കാനുള്ള പ്രതിബദ്ധത മാനിക്കണം.തെക്കൻ ലെബനനിൽ നിന്ന് ഇസ്രായേൽ സേനയെ പിൻവലിക്കാൻ ലക്ഷ്യമിട്ട് 2000ൽ ഐക്യരാഷ്ട്രസഭ സ്ഥാപിച്ചതാണ് ബ്ലൂ ലൈൻ. അനാവശ്യ പ്രകോപനങ്ങൾ ഒഴിവാക്കി സമാധാനവും സ്ഥിരതയും നിലനിറുത്താൻ യു.എൻ സേന സഹായിക്കുന്നു.