
ന്യൂഡൽഹി: ദുർബലനാകുക എന്നത് കുറ്റകൃത്യമാണെന്നും സംഘടിതരായി ശക്തരാകണമെന്നും ആർ.എസ്.എസ് സർസംഘ്ചാലക് മോഹൻ ഭാഗവത്. നവരാത്രിയോടനുബന്ധിച്ച് നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു. ബംഗ്ലാദേശിലെ ഹിന്ദു സമൂഹം അനുഭവിക്കുന്ന പീഡനങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഹിന്ദുക്കൾ സംഘടിതരാകണമെന്ന് ആഹ്വാനം ചെയ്‌തു. സ്വാർത്ഥതയും അഹങ്കാരവും സംഘർഷങ്ങൾക്ക് കാരണമാകുന്നുവെന്ന് പശ്ചിമേഷ്യയിലെ അടക്കം പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മോഹൻ ഭാഗവത് പറഞ്ഞു. പിന്നാക്ക വിഭാഗത്തെ ഉയർച്ചയിലെത്തിക്കാൻ പരിശ്രമിക്കണം. യുവജനങ്ങളെ വഴിതെറ്റിക്കുന്ന ഉള്ളടക്കം ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലുണ്ട്. ഇവയെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം. അതേസമയം, നൂറാം വർഷത്തിലേക്ക് കടക്കുന്ന ആർ.എസ്.എസിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ അർപ്പിച്ചു. 1925 വിജയദശമി ദിനത്തിലാണ് നാഗ്പൂരിൽ സംഘടന സ്ഥാപിതമായത്.
ഗൊരഖ്പൂരിൽ ശോഭായാത്ര
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മഹാനവമി ദിവസം ഗൊരഖ്പൂരിലെ പരമ്പരാഗത ആചാരമായ കന്യാപൂജ നടത്തിയിരുന്നു. പെൺകുട്ടികളുടെ കാൽകഴുകി, പുഷ്‌പങ്ങൾ അർപ്പിച്ച് പുതുവസ്ത്രവും സമ്മാനങ്ങളും നൽകുന്നതാണ് കന്യാപൂജ. ശനിയാഴ്ച ഗൊരഖ്പൂരിൽ ശോഭായാത്രയും നടത്തി.
വില്ലുകുലച്ച്
മുർമുവും മോദിയും
രാജ്യം നവരാത്രി സമുചിതമായി ആഘോഷിച്ചു. ശനിയാഴ്ച രാത്രി ഡൽഹിയിലെ ചെങ്കോട്ട പരേഡ് ഗ്രൗണ്ടിൽ നടന്ന വിജയദശമി ആഘോഷങ്ങളിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തു. തിന്മയ്‌ക്ക് മേൽ നന്മയുടെ വിജയം ഉദ്ഘോഷിക്കാൻ, രാവണനെ ദഹിപ്പിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. മുർമുവും മോദിയും രാമബാണമെയ്‌ത് രാവണനെ ദഹിപ്പിച്ചു. പിന്നാലെ രാവണന്റെ മകൻ ഇന്ദ്രജിത് (മേഘനാദൻ), സഹോദരൻ കുംഭകർണ്ണൻ എന്നിവരുടെ രൂപങ്ങളും കത്തിച്ചു. രാവണനിഗ്രഹം ചിത്രീകരിക്കുന്ന വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ഡൽഹി രാംലീല മൈതാനിയിൽ സംഘടിപ്പിച്ച ദസറ ആഘോഷങ്ങളിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി എന്നിവർ വില്ലുകുലച്ചു. ഡൽഹി മുഖ്യമന്ത്രി അതിഷി, മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയവരും ദസറ ആഘോഷങ്ങളിൽ പങ്കെടുത്തു. ഉത്തരേന്ത്യയിൽ പൂജാ പന്തലുകൾ ഉൾപ്പെടെ ഒരുക്കിയായിരുന്നു ആഘോഷങ്ങൾ.