
നൂറ് സീറ്റിൽ നോട്ടം
ന്യൂഡൽഹി: ജയമുറപ്പിച്ച ഹരിയാനയിലെ തിരിച്ചടി ഉൾക്കൊണ്ട് തിരഞ്ഞെടുപ്പ് നേരിടാൻ മഹാരാഷ്ട്രാ ഘടകത്തിന് ഹൈക്കമാൻഡ് നിർദ്ദേശം. മഹാവികാസ് അഗാഡി സഖ്യത്തിന് കോട്ടംതട്ടാതെ സീറ്റ് വിഭജന ധാരണയുണ്ടാക്കും. 288 അംഗ നിയമസഭയിൽ ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്കും തങ്ങൾക്കും നൂറു സീറ്റുകൾ വീതം. എൻ.സി.പി, ഇടത് പാർട്ടികൾക്ക് ബാക്കി സീറ്റുകൾ എന്നതാണ് കോൺഗ്രസിന്റെ മനസ്സിലിരുപ്പ്.
അതേസമയം, ഹരിയാനയുടെ പേരിൽ കടുത്ത വിട്ടുവീഴ്‌ച വേണ്ടെന്നാണ് ഇന്നലെ ഡൽഹിയിൽ ചേർന്ന യോഗത്തിലുണ്ടായ ഭൂരിപക്ഷാഭിപ്രായം. മഹാരാഷ്‌ട്ര പി.സി.സി അദ്ധ്യക്ഷൻ നാനാ പടോളെ ശിവസേനയുമായി നടത്തിയ ആദ്യഘട്ട ചർച്ചയിൽ 115 സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. ശിവസേനയെയും എൻ.സി.പിയെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടു നീങ്ങാനാണ് രാഹുൽ ഗാന്ധി നൽകിയ നിർദ്ദേശം. ഇപ്പോൾ എൻ.ഡി.എയിലുള്ള അജിത് പവാർ തിരിച്ചു വരികയാണെങ്കിൽ ശരദ് പവാറിന്റെ എൻ.സി.പിയുടെ സീറ്റുകൾ വിഭജിച്ചു നൽകും.
മുന്നണി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് നേരിടുമെന്ന് എ.ഐ.സി.സി ചുമതലയുള്ള രമേശ് ചെന്നിത്തല പറഞ്ഞു. മഹാവികാസ് അഘാഡിക്ക് അനുകൂലമാണ് സാഹചര്യം. ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിൽ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പങ്കെടുത്തു.