
ഒരാഴ്ച മുമ്പെത്തിയ ഹരിയാന, ജമ്മുകാശ്മീർ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ചൂടാറും മുമ്പേ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പു തീയതിയായതോടെ പോർമുഖമൊരുങ്ങി. സാമ്പത്തിക തലസ്ഥാനമായ മുംബയ് ഉൾപ്പെട്ട മഹാരാഷ്ട്രയും ഹിന്ദി ബെൽറ്റിലെ ജാർഖണ്ഡും നൽകുന്ന ഫലങ്ങൾ ദേശീയ രാഷ്ട്രീയത്തിലും നിർണായകമായതിനാൽ ഹരിയാനയും ജമ്മുകാശ്മീരും നൽകിയ പാഠങ്ങളും സ്വാധീനവും ഉൾക്കൊണ്ട് ബി.ജെ.പിയും കോൺഗ്രസും വീണ്ടും കച്ചമുറുക്കുകയാണ്.
മഹാരാഷ്ട്രയിൽ ആരാണ് വല്ല്യേട്ടൻ എന്നത് പണ്ട് ബി.ജെ.പിയുടെ സഖ്യകക്ഷി ആയിരുന്നപ്പോഴും ശിവസേന അഭിമുഖീകരിച്ച പ്രശ്നമാണ്. മൂപ്പിളമ തർക്കമാണല്ലോ സഖ്യം തകർത്തതും, ഒടുവിൽ പിളർപ്പിലേക്ക് എത്തിച്ചതും. മഹാ വികാസ് അഘാഡിയിൽ ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് കോൺഗ്രസുമായും ഈയൊരു പ്രശ്നം നിലനിൽക്കുന്നു. തങ്ങൾ മഹാരാഷ്ട്രയുടെ സ്വന്തം പാർട്ടിയായതിനാൽ മുൻഗണന വേണമെന്ന ശാഠ്യം ലോക്സഭാ സീറ്റു ചർച്ചകളിലും കണ്ടതാണ്. പിളർപ്പിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായതിനാൽ ഒരുവിധം പരിഹരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ വിട്ടുവീഴ്ചയില്ലെന്നാണ് സേനാ നേതാവ് സഞ്ജയ് റാവത്ത് അടക്കം സൂചിപ്പിക്കുന്നത്. ഹരിയാനയിലെ തിരിച്ചടി കോൺഗ്രസിനു മേൽ ആധിപത്യം സ്ഥാപിക്കാനുള്ള അവസരമായും അവർ കാണുന്നു.
സീറ്റ് പങ്കിടൽ
തലവേദന
'ഇന്ത്യ' മുന്നണി കക്ഷികളെ ബഹുമാനിക്കാതെ ഒറ്റയ്ക്ക് മത്സരിച്ചതിനെ സഞ്ജയ് ചോദ്യം ചെയ്തിരുന്നു. രാജ്യത്ത് എല്ലായിടത്തും കോൺഗ്രസിന് ഒറ്റയ്ക്ക് മത്സരിക്കാമെങ്കിൽ ശക്തികേന്ദ്രങ്ങളിൽ പ്രാദേശിക പാർട്ടികൾക്കും അതാകാമെന്ന് റാവത്ത് പറഞ്ഞത് മഹാരാഷ്ട്രയിൽ വരും ദിവസങ്ങളിൽ നടക്കാനിടയുള്ള സീറ്റ് പങ്കിടൽ ചർച്ച മുന്നിൽക്കണ്ടാണെന്ന് വ്യക്തം. ലോക്സഭാ തിരഞ്ഞടുപ്പിൽ ശിവസേന ഒറിജിനൽ ബാനറിൽ മത്സരിച്ച ഏക്നാഥ് ഷിൻഡെയ്ക്ക് പതിനഞ്ചിൽ ഏഴു സീറ്റു മാത്രമാണ് ലഭിച്ചത്. 21-ൽ മത്സരിച്ച് ഉദ്ധവ് പക്ഷം ഒമ്പതു സീറ്റ് നേടി (വോട്ട് ശതമാനം: ഉദ്ധവ്-16.52, ഷിൻഡെ-12.95). നേതാക്കൾ അപ്പുറത്താണെങ്കിലും ജനങ്ങൾ തങ്ങൾക്കൊപ്പമെന്ന് ഉദ്ധവ് പക്ഷം വാദിക്കുന്നു. ഈ വാദം അരക്കിട്ടുറപ്പിക്കാനുള്ള പരീക്ഷയാണ് നിയമസഭാ തിരഞ്ഞെടുപ്പ്.
ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ എന്ന നിലപാടാണ് മുത്തശ്ശി പാർട്ടിയായ കോൺഗ്രസിന് എല്ലാ കാലത്തും. തോറ്റു തുന്നം പാടിയാലും തങ്ങളുടെ ആഢ്യത്തം വിട്ട് കളിക്കാനൊന്നും കോൺഗ്രസ് തയ്യാറല്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച പതിനേഴിൽ പതിമൂന്നിടത്ത് വിജയിച്ച തങ്ങൾക്ക് സംസ്ഥാനത്ത് അനുകൂല തരംഗമുണ്ടെന്നാണ് പാർട്ടി വിശ്വസിക്കുന്നത്.
കർണാടകയിലെ മികച്ച പ്രകടനത്തിനു ശേഷം മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിൽ തിരിച്ചടിയേറ്റ കോൺഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്നേറി. എന്നാൽ അനുകൂല സാഹചര്യം മുതലാക്കാതെ കലമുടച്ചെന്ന് സഖ്യകക്ഷികൾ. മദ്ധ്യപ്രദേശിൽ സമാജ്വാദി പാർട്ടിയെ അടക്കം അകറ്റിയത് തിരിച്ചടിച്ചതോടെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്നണി മര്യാദകൾ പാലിച്ച് മത്സരിച്ചത്. എന്നാൽ ഹരിയാനയിൽ ആത്മവിശ്വാസം കാരണം ആരെയും മൈൻഡ് ചെയ്തില്ല. പക്ഷേ വിചാരിച്ചതു പോലെ കാര്യങ്ങൾ നടന്നുമില്ല. അതിനാൽ മഹാരാഷ്ട്രയിൽ ശിവസേനയും എൻ.സി.പിയും ഹരിയാന ബോർഡ് ഉയർത്തിപ്പിടിച്ചായിരിക്കും സീറ്റ് ചർച്ച.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മങ്ങിയ അജിത് പവാറിനൊപ്പം വോട്ടർമാരില്ലെന്നു ചൂണ്ടിക്കാട്ടി ശരദ് പവാറിന്റെ എൻ.സി.പിയും വലിയ വിലപേശലിനുണ്ടാകും. തങ്ങളുടെ ശക്തികേന്ദ്രത്തിൽ കൂടുതൽ സീറ്റ് ജയിച്ച് രാജ്യസഭാ സീറ്റുകളുറപ്പിക്കാൻ അവരും തന്ത്രങ്ങളൊരുക്കുമെന്ന് ഉറപ്പ്.
മഹായുതിയിലെ
വല്ല്യേട്ടൻ
ലോക്സഭാ തിരഞ്ഞെടുപ്പോടെ ഏക്നാഥ് ഷിൻഡെയുടെ ശിവസേനയ്ക്കും അജിത് പവാറിന്റെ എൻ.സി.പിക്കും മഹാരാഷ്ട്രയിൽ ബി.ജെ.പിയെ വല്ല്യേട്ടനായി അംഗീകരിക്കാതെ തരമില്ലാതെ വന്നു. ഹരിയാനയിലെ മികച്ച ജയത്തോടെ മഹായുതി മുന്നണയുടെ ഡ്രൈവിംഗ് സീറ്റിൽ ബി.ജെ.പി പതിന്മടങ്ങ് ആത്മവിശ്വാസത്തിലുമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് പങ്കിടൽ വൻ പ്രതിസന്ധിയായിരുന്നു. ഷിൻഡെയും പവാറുമെല്ലാം നന്നായി വിലപേശി. അമിത് ഷാ വന്ന് ഒരുവിധമാണ് തീർപ്പാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മാറിയ സാഹചര്യം ബി.ജെ.പിക്കും ദേവേന്ദ്ര ഫഡ്നാവിസിനും കാര്യങ്ങൾ എളുപ്പമാക്കിയേക്കും.
288 അംഗ നിയമസഭയിൽ 150-ൽ കൂടുതൽ സീറ്റുകളിൽ ബി.ജെ.പി മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ശിവസേനയ്ക്ക് എൺപതോളം സീറ്റുകൾ ലഭിച്ചേക്കാം. ശിവസേന പിളർത്തിയെടുത്ത ഷിൻഡെയ്ക്കുള്ള സമ്മാനമായി നൽകിയ മുഖ്യമന്ത്രി പദം, തിരഞ്ഞടുപ്പിൽ ജയിച്ചാൽ ബി.ജെ.പി തിരികെയെടുക്കാനുമിടയുണ്ട്.
ഭരണവിരുദ്ധ തരംഗം ഇല്ലാതാക്കാൻ വിവിധ സമുദായങ്ങളെയും സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ട് ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കുന്ന തിരക്കിലായിരുന്നു കുറച്ചു ദിവസമായി മഹായുതി സർക്കാർ. അതേസമയം സംവരണ വിഷയത്തിൽ ഒ.ബി.സി- മറാഠി വിഭാഗങ്ങൾക്കിടയിലെ അതൃപ്തി തലവേദനയാണ്. ക്ഷേമ പദ്ധതികളിലൂടെ അതു മറയ്ക്കാനാണ് ശ്രമം.
ജാർഖണ്ഡ്
ആരു പിടിക്കും?
ആരെയും സ്ഥിരമായി വാഴിക്കാത്ത പാരമ്പര്യമാണ് 24 വർഷത്തെ ജാർഖണ്ഡ് രാഷ്ട്രീയ ചരിത്രം. 2019-ൽ രഘുബീർ ദാസിന്റെ ബി.ജെ.പി സർക്കാരിനെ താഴെയിറക്കിയാണ് ജെ.എം.എം നേതൃത്വത്തിൽ ഹേമന്ത് സോറൻ അധികാരമേറ്റത്. ഭാര്യയുടെ പേരിലുള്ള കമ്പനിക്കായി ആദിവാസി ഭൂമി തട്ടിയെടുക്കൽ, പദവി ദുരുപയോഗം ചെയ്ത് ഖനി സ്വന്തമാക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുകളും ഭരണവിരുദ്ധ തരംഗവും അടക്കം ഹേമന്ത് സോറനും പ്രതികൂല ഘടകങ്ങളേറെ. എങ്കിലും കോൺഗ്രസിനെക്കാൾ മുന്നണിയിൽ വിലപേശൽ ശക്തി സോറനുണ്ട്.
ഹേമന്ത് സോറൻ ഇ.ഡി അറസ്റ്റിനു മുൻപ് ഏല്പിച്ച മുഖ്യമന്ത്രി പദം തിരിച്ചെടുത്ത നിരാശയിൽ ജെ.എം.എം വിട്ട ജനകീയ ആദിവാസി നേതാവ് ചമ്പൈ സോറനാണ് ബി.ജെ.പിയുടെ തുറുപ്പുചീട്ട്. 81 അംഗ നിയമസഭയിൽ 38- 43 വരെ സീറ്റുകൾ നേടി ബി.ജെ.പി ജയിക്കുമെന്ന് സർവേകൾ പ്രവചിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പതിന്നാലിൽ ഒമ്പതും നേടി ബി.ജെ.പി ആധിപത്യം നേടിയിരുന്നു. 2019-ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം (12) കാഴ്ചവച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്നാക്കം പോയി.
രാഷ്ട്രീയ
അസ്ഥിരത
2000-ത്തിൽ ആദ്യ നിയമസഭ മുതൽ ഇങ്ങോട്ട് രാഷ്ട്രീയമായി അസ്ഥിരമാണ് റാഞ്ചി നിയമസഭ (നാലു നിയമസഭ; പത്ത് മുഖ്യമന്ത്രിമാർ). ജെ.എം.എമ്മിന്റെ ഷിബു സോറനും (ഹേമന്തിന്റെ പിതാവ്) ബി.ജെ.പിയുടെ അർജുൻ മുണ്ടയും മൂന്നുതവണ വീതം മുഖ്യമന്ത്രിമാർ. മൂന്നുതവണ രാഷ്ട്രപതിപതി ഭരണം (2009, 2010, 2013). ഒറ്റയ്ക്ക് അഞ്ചുവർഷം പൂർത്തിയാക്കിയത് ബി.ജെ.പിയുടെ രഘുബർ ദാസ് മാത്രം. ഹേമന്ത് സോറനും തുടർച്ചയുണ്ടായില്ല. ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയ്ക്കു (ജെ.എം.എം) പുറമെ ജാർഖണ്ഡ് വികാസ് മോർച്ച (ജെ.വി.എം), ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ പാർട്ടി (എ.ജെ.എസ്.യു.പി) തുടങ്ങിയ പ്രാദേശിക പാർട്ടികളും 26 ശതമാനം വരുന്ന ആദിവാസി വോട്ടർമാരും നിർണായകം.